പുരുഷാധിപത്യ കൂട് തകർത്ത് സ്ത്രീകൾ സ്വതന്ത്രരാകണം; സ്ത്രീയുടെ മേൽ പുരുഷാധിപത്യം അവകാശപ്പെടുന്ന മനുസ്മൃതി നാണക്കേടെന്നും രാഹുൽ ഗാന്ധി

മുംബൈ: സ്ത്രീയുടെ മേൽ പുരുഷാധിപത്യം അവകാശപ്പെടുന്ന മനുസ്മൃതിയെ നാണക്കേടെന്ന് വിശേഷിപിച്ച് സ്ത്രീ സ്വാതന്ത്ര്യത്തിന് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി. ശനിയാഴ്ച പുണെയിലെ എ.ഐ.എസ്.എസ്.എം.എസ് കോളജ് ഗ്രൗണ്ടിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ വിദ്യാർഥിനികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

പുരുഷന്റെ തണലിൽ മകൾ, ഭാര്യ, അമ്മ എന്നിങ്ങനെ കർശനമായി തളച്ചിടപെടേണ്ടവരല്ല സ്ത്രീകൾ. അവർക്ക് അവരുടേതായ അസ്തിത്വമുണ്ട്. ബന്ധങ്ങൾ പ്രധാനപ്പെട്ടത് തന്നെയാണെങ്കിലും അത് അവരെ തളച്ചിടാനായുള്ളതല്ല. 70 കോടി സ്ത്രീകളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സ്വത്ത്. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അവർക്ക് നിർണായക പങ്കുണ്ട്. കെട്ടുപാടുകൾ പൊട്ടിച്ച് സ്വന്തം വ്യക്തിത്വം അവർ തിരിച്ചറിയണം. ഒരോ സ്ത്രീയും അതുല്യരാണ്. അവകാശങ്ങൾക്ക് വേണ്ടി സ്ത്രീകൾ പോരാടണം. പുരുഷ മേധാവിത്വം തകർക്കണമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വിദ്യാർഥിനികളാണ് പരിപാടിയുടെ ഭാഗമാകാൻ എത്തിയിരുന്നത്. പരിപാടിക്ക് അനുമതി നൽകാൻ പുണ പൊലീസ് 30 ഉപാധികൾ വെച്ചത് വിവാദമായിരുന്നു.

കുട്ടിക്കാലത്ത് പിതാവിനും യൗവനത്തിൽ ഭർത്താവിനും വാർദ്ധക്യത്തിൽ പുത്രന്മാരുടെയും നിയന്ത്രണത്തിൽ കഴിയേണ്ടവളാണ് സ്ത്രീയെന്ന തരത്തിലുള്ള മനുസ്മൃതിയിലെ പരാമർശങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ഈ പ്രസ്താവനകൾ ലജ്ജാകരമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥി സംഘടനകൾ തമ്മിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഈ പരിപാടിയിൽ തൊഴിലില്ലായ്മയും പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയും ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ പ്രധാന പ്രശ്നങ്ങളാണ് ചർച്ചയായത്. കോൺഗ്രസ് പരിപാടിക്കായി ആൾക്കൂട്ടത്തെ വിലയ്ക്കെടുത്തതാണെന്ന് ബി.ജെ.പി ആരോപിച്ചപ്പോൾ, യുവാക്കൾക്കിടയിൽ രാഹുൽ ഗാന്ധിക്കുള്ള സ്വീകാര്യത കണ്ട് ഭരണപക്ഷത്തിന് ഭയം തോന്നിയിരിക്കുകയാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

Tags:    
News Summary - Manusmriti, which claims patriarchal dominance over women, is a disgrace: Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.