ഭോപ്പാൽ: തന്നെ വശീകരിക്കാൻ രാഷ്ട്രീയ എതിരാളികൾ സ്ത്രീകളെ അയക്കുന്നുവെന്ന ആരോപണവുമായി മധ്യപ്രദേശ് ബി.ജെ.പി എം.എൽ.എ പ്രീതം ലോധി. തന്നെ ഹണിട്രാപ്പിൽ കുടുക്കാനും വ്യാജ പീഡനക്കേസിൽ പ്രതിയാക്കാനും രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിചോർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ശിവ്പുരി ജില്ലയിലെ ഖനിയാധാനയിൽ പാൽ-ബാഗേൽ സമുദായം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു എം.എൽ.എയുടെ വിവാദ പ്രസ്താവന. തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ എതിരാളികൾ സർക്യൂട്ട് ഹൗസുകളിലേക്ക് യുവതികളെ പറഞ്ഞയക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്നെ വശീകരിക്കാനും അനാവശ്യ സംഭാഷണങ്ങളിൽ ഏർപ്പെടാനുമാണ് ഇവർ ശ്രമിക്കുന്നത്. ഈ സമയം ഇവരുടെ കൂട്ടാളികൾ മൊബൈൽ ക്യാമറയുമായി ദൃശ്യങ്ങൾ പകർത്താൻ സമീപത്തുണ്ടാകുമെന്നും ലോധി ആരോപിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരം (ബലാത്സംഗം) തനിക്കെതിരെ കള്ളക്കേസ് കെട്ടിച്ചമയ്ക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. ഈ നീക്കത്തെക്കുറിച്ച് സംഘത്തിലെ ഒരു യുവതി തന്നെ തനിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും എം.എൽ.എ വേദിയിൽ അവകാശപ്പെട്ടു.
അതേസമയം, സ്ത്രീകളടക്കം വൻതോതിൽ പങ്കെടുത്ത ഒരു പൊതുവേദിയിൽ വെച്ച് എം.എൽ.എ നടത്തിയ പ്രസ്താവന വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ പ്രയോഗങ്ങൾ ഉപയോഗിച്ചതിനെതിരെ രാഷ്ട്രീയ-സാമൂഹിക രംഗത്തുള്ളവർ രംഗത്തെത്തി. ഭരണകക്ഷിയായ ബി.ജെ.പിയെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് എം.എൽ.എയുടെ വാക്കുകൾ. എന്നാൽ സംഭവത്തിൽ പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മുമ്പും സമാനമായ രീതിയിൽ വിവാദ പ്രസ്താവനകൾ നടത്തി വാർത്തകളിൽ ഇടംനേടിയ വ്യക്തിയാണ് പ്രീതം ലോധി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പ്രാദേശിക ഭരണാധികാരികൾക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം പിന്നീട് ഇതിൽ പരസ്യമായി മാപ്പുപറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.