ന്യൂഡല്‍ഹി: ഇന്ത്യക്കും ശ്രീലങ്കക്കും ഇടയില്‍ തമിഴ്നാട്ടിലെ രാമേശ്വരത്ത് കടലില്‍ സ്ഥിതി ചെയ്യുന്ന രാമസേതുവിന്‍റെ ഘടന മാറ്റാനാവില്ലെന്നും രാമസേതു സംരക്ഷിക്കുമെന്നും സൂപ്രീംകോടതിയിൽ കേന്ദ്രസര്‍ക്കാര്‍. രാമസേതു കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
സാമൂഹ്യ-സാമ്പത്തിക നഷ്ടങ്ങള്‍ കണക്കിലെടുത്ത് നിര്‍ദിഷ്ട മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. രാമസേതുവിനെ ബാധിക്കാത്ത രീതിയില്‍ ഷിപ്പിങ് കനാലിനായി ബദല്‍ പദ്ധതി നടപ്പാക്കുമെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
2005ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന സേതുസമുദ്രം ഷിപ്പിങ് കനാല്‍ പദ്ധതിയോടു കൂടിയാണ് രാമസേതു വിഷയം വാർത്തയായത്. പ്രദേശത്ത് രാമസേതു ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി പദ്ധതിയെ എതിര്‍ത്തു. ദേശീയ പാരമ്പര്യത്തിനും വിശ്വാസത്തിനും കനാൽ പദ്ധതി എതിരാണെന്ന് കാണിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ളവർ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. പ്രദേശത്തുള്ള ചുണ്ണാമ്പ് കല്ലുകള്‍ കുഴിച്ച് മാറ്റിയാല്‍ മാത്രമേ കനാല്‍ പദ്ധതിയുമായി മുന്നോട്ടു പോകാൻ സാധിക്കൂവെന്ന് യു.പി.എ സര്‍ക്കാര്‍ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്.
തമിഴ്നാട്ടിലെ രാമേശ്വരത്തിന് സമീപമുള്ള പാമ്പൻ ദ്വീപ് മുതല്‍ ശ്രീലങ്കക്ക് വടക്കുള്ള മന്നാര്‍ വരെയുള്ള 30 കിലോമീറ്റര്‍ നീളമുള്ള ചുണ്ണാമ്പുകല്ലുകളുടെ തിട്ടയാണ് രാമസേതു. സീതയെ രക്ഷിക്കാനായി ശ്രീരാമന് ലങ്കയിലേക്ക് കടക്കാന്‍ വാനരസേന നിര്‍മിച്ച പാലമാണ് രാമസേതു എന്നാണ് പറയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.