രാമക്ഷേത്രം
പ്രയാഗ്രാജ്:അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൽ നടന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ട് തട്ടിപ്പും ഭൂമി ഇടപാടുകളും വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിതുറക്കുന്നു. 1980-കളുടെ അവസാനത്തിൽ രാമജന്മഭൂമി പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുക്കുകയും ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അദ്വാനിയോടൊപ്പം സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത മുൻ കർസേവകൻ സന്തോഷ് ദുബെ നൽകിയ പരാതിയാണ് ഇപ്പോൾ ചർച്ചാവിഷയം. ക്ഷേത്ര ഫണ്ട് കള്ളന്മാർ അപഹരിക്കുകയാണെന്നും അയോധ്യ ഇനി കള്ളന്മാരുടെ കൈകളിൽ തുടരുമോ എന്ന ഭയമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
തങ്ങൾ ജീവൻ പണയം വെച്ചാണ് ക്ഷേത്രത്തിന് വഴിതുറന്നതെന്നും എന്നാൽ ഇന്ന് ചിലർ ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് കോടികൾ കൊള്ളയടിക്കുകയാണെന്നും ദുബെ ആരോപിച്ചു. ചരിത്രത്തിലെ അധിനിവേശക്കാരെപ്പോലെയാണ് ഇവർ ക്ഷേത്രസമ്പത്ത് ചൂഷണം ചെയ്യുന്നത്. ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു, ഡ്രൈവർ ടിന്നു യാദവ് എന്നിവർ ചേർന്ന് ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണ്ണവും വെള്ളിയും അടക്കം 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ദുബെയുടെ പരാതി. കുറ്റാരോപിതരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുബെയ്ക്ക് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് ശരദ് ശുക്ല, ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗ് എന്നിവരും അയോധ്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിദിനം ലക്ഷക്കണക്കിന് രൂപയും സ്വർണ്ണാഭരണങ്ങളും കാണിക്കയായി ലഭിക്കുന്ന ക്ഷേത്രത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ഓഡിറ്റ് റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടില്ലെന്ന് ശരദ് ശുക്ല ചൂണ്ടിക്കാണിക്കുന്നു. മുംബൈയിൽ നിന്നുള്ള ഒരു വ്യവസായി നൽകിയ 3 കിലോഗ്രാം സ്വർണ്ണ മാലയ്ക്കും വെള്ളി പാദുകങ്ങൾക്കും രസീത് നൽകിയിട്ടില്ലെന്നും എട്ട് മാസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ജീവനക്കാർ മനഃപൂർവ്വം നശിപ്പിച്ചതായും മുൻ അക്കൗണ്ടന്റ് വെളിപ്പെടുത്തിയതോടെ അഴിമതിയുടെ ആഴം വ്യക്തമായി.
ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായുടെ നേതൃത്വത്തിൽ നടന്ന ഭൂമി ഇടപാടുകളാണ് മറ്റൊരു പ്രധാന വില്ലൻ. കോട്ട് രാമചന്ദ്ര ഗ്രാമത്തിൽ കേവലം 3 കോടി രൂപ സർക്കാർ മൂല്യമുള്ള ഭൂമി 23.61 കോടി രൂപയ്ക്കാണ് ട്രസ്റ്റ് വാങ്ങിയത്. അതായത് 800 ശതമാനത്തിലധികം ഉയർന്ന തുകയ്ക്ക്. അതേസമയം, ഈ ഭൂമി വ്യക്തിഗത ഉടമസ്ഥതയിലുള്ളതല്ലെന്നും സർക്കാർ വക 'നഴുൽ' (Nazul) ഭൂമിയാണെന്നും റവന്യൂ രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഉടമസ്ഥാവകാശമില്ലാത്ത ഒരാളിൽ നിന്നാണ് ട്രസ്റ്റ് കോടികൾ നൽകി ഭൂമി വാങ്ങിയതെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. സമാനമായി മാത്സ്യ ഷാനേവാസ്പൂർ ഗ്രാമത്തിലും 1.73 കോടി വിലമതിക്കുന്ന ഭൂമി 29.67 കോടി രൂപയ്ക്കാണ് ട്രസ്റ്റ് വാങ്ങിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
നിരവധി പരാതികൾ ഉയർന്നിയിട്ടും ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ ഇതുവരെ പൊലീസോ കേന്ദ്ര ഏജൻസികളോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നത് പ്രതിഷേധം ശക്തമാക്കുന്നു. എന്നാൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) കേസിൽ അന്വേഷണം നടത്തിവരികയാണ്. 150-ഓളം സംശയിക്കപ്പെടുന്നവരെ കണ്ടെത്തിയതായും ഇരുപത്തിയഞ്ചോളം പേർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നുമാണ് സൂചന. സത്യം ഉടൻ പുറത്തുവരുമെന്നും ഭക്തർ 15 ദിവസം കൂടി ക്ഷമിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
അതേസമയം, വിവാദങ്ങളോട് പ്രതികരിക്കാൻ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ഇതുവരെ തയ്യാറായിട്ടില്ല. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഭഗവാൻ ശ്രീരാമൻ തന്നെ അവർക്ക് ശിക്ഷ നൽകുമെന്നായിരുന്നു ട്രസ്റ്റ് അംഗത്തിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.