പശ്ചിമഘട്ടം
ന്യൂഡൽഹി: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല പ്രദേശങ്ങളായി (ESA) പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ അന്തിമരൂപം നൽകുന്നു. 2014ൽ ആദ്യ കരട് വിജ്ഞാപനം പുറത്തിറക്കി 12 വർഷം പിന്നിടുമ്പോഴാണ്, വലിയൊരു പരിസ്ഥിതി നയത്തിന് അന്തിമ തീരുമാനം എടുക്കാൻ കേന്ദ്രം തയാറെടുക്കുന്നത്.
നേരത്തെ എല്ലാ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി ഒറ്റയടിക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ ശ്രമിച്ചപ്പോൾ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായി, കേന്ദ്രവുമായി ധാരണയിലെത്തിയ സംസ്ഥാനങ്ങളിൽ ആദ്യം വിജ്ഞാപനം പുറപ്പെടുവിക്കാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. നിലവിൽ ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമായി ഇക്കാര്യത്തിൽ ഏറെക്കുറെ സമവായത്തിലെത്താൻ മന്ത്രാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ ശിപാർശകളെ അടിസ്ഥാനമാക്കിയാണ് ആറ് സംസ്ഥാനങ്ങളിലായി 56,000ലധികം ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി തിട്ടപ്പെടുത്തിയിരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി 'പ്രകൃതിദത്ത ഭൂപ്രകൃതി' ഉള്ള മേഖലകളെയാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.
വിജ്ഞാപനം പ്രാബല്യത്തിൽ വരുന്നതോടെ പശ്ചിമഘട്ടത്തിലെ പുതിയ ഖനന-ക്വാറി പദ്ധതികൾ, താപവൈദ്യുത നിലയങ്ങൾ, അതിമലിനീകരണം ഉണ്ടാക്കുന്ന 'റെഡ് കാറ്റഗറി' വ്യവസായങ്ങൾ, 20,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ള പുതിയ നിർമാണങ്ങൾ എന്നീ മേഖലകളിൽ ചില പ്രവർത്തനങ്ങൾക്ക് നിരോധനമോ കടുത്ത നിയന്ത്രണമോ വരും.
കരട് വിജ്ഞാപനത്തിൽ പറയുന്ന 9,993.7 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 8,805 ചതുരശ്ര കിലോമീറ്ററായി ഇത് കുറക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടുന്നു. എന്നാൽ, ഈ പ്രദേശങ്ങളിൽ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദഗ്ധ സമിതി ഇത് അംഗീകരിച്ചിട്ടില്ല.
20,668 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾപ്പെടുന്ന കർണാടക, കസ്തൂരിരംഗൻ റിപ്പോർട്ടിനെ പൂർണ്ണമായും എതിർക്കുന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാൽ വിഷയത്തിൽ കേന്ദ്ര സർക്കാർ ചർച്ചകൾ തുടരുകയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ കാലാവധിയും, 2024 ജൂലൈ 31ന് പുറത്തിറക്കിയ ഏറ്റവും പുതിയ കരട് വിജ്ഞാപനത്തിന്റെ കാലാവധിയും 2026 ജൂലൈ 27ന് അവസാനിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ നിയമം, 1986 പ്രകാരം ഈ വിജ്ഞാപനം നിലവിൽ വരുന്നത് പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.