ശ്രീനഗർ: ജമ്മു-കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ സമൂഹമാധ്യമാമായ ‘എക്സിലെ പോസ്റ്റ്’ പാർട്ടിയിൽ വലിയ വിവാദത്തിന് തിരികൊളുത്തുന്നു. കശ്മീരിലെ സ്ഥിതി ‘സാധാരണ നിലയിലേക്ക്’ പുരോഗമിക്കുന്നു എന്ന തരൂരിന്റെ നിരീക്ഷണം കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിന് കടകവിരുദ്ധമാണെന്ന് ആരോപിച്ച് പാർട്ടി നേതാക്കൾ തന്നെ രംഗത്തെത്തി.
ശ്രീനഗറിലെത്തിയ തരൂർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ‘എക്സിൽ’ അഭിപ്രായം പങ്കുവെച്ചത്. ഗവർണറുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നും, സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് വരുന്നത് പ്രോത്സാഹനജനകമാണെന്നും അദ്ദേഹം കുറിച്ചു.
കശ്മീരി റൈറ്റേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ഗവർണർ സംസാരിക്കുന്നത് താൻ കണ്ടുവെന്നും, അത് പോസിറ്റീവായ ഒരു നടപടിയാണെന്നും തരൂർ പ്രശംസിച്ചു. വെല്ലുവിളികൾ ഇനിയുമേറെയുണ്ടെങ്കിലും, ഏറെക്കാലത്തിന് ശേഷം നല്ലൊരു പ്രതീക്ഷയോടെയാണ് താൻ ആ കൂടിക്കാഴ്ചയിൽ നിന്ന് മടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, തരൂരിന്റെ ഈ പരാമർശം പാർട്ടിയിൽ വലിയ അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജമ്മു-കശ്മീർ കോൺഗ്രസ് ചീഫ് വക്താവ് രവീന്ദർ ശർമ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. തരൂർ കശ്മീർ താഴ്വരയിലെ സാധാരണക്കാരെ നേരിൽ കണ്ട് അവിടുത്തെ യഥാർഥ സാഹചര്യം മനസ്സിലാക്കാൻ സമയം കണ്ടെത്തണമായിരുന്നുവെന്ന് രവീന്ദർ ശർമ വിമർശിച്ചു.
ജമ്മു-കശ്മീരിനെ സംസ്ഥാന പദവിയിൽ നിന്ന് യൂനിയൻ ടെറിട്ടറിയായി തരംതാഴ്ത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് ദേശീയതലത്തിൽ വലിയ വിമർശനം ഉന്നയിക്കുമ്പോഴാണ് തരൂരിന്റെ ഈ പ്രസ്താവന വരുന്നത്. കേന്ദ്ര സർക്കാർ കശ്മീരിൽ സാധാരണ നില പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പാർട്ടി നിരന്തരം ആരോപിക്കുമ്പോൾ, അതിന് വിരുദ്ധമായ തരൂരിന്റെ നിരീക്ഷണം കോൺഗ്രസിന് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അതേസമയം, ബി.ജെ.പി ഈ സാഹചര്യത്തെ കോൺഗ്രസിനെതിരെ ആയുധമാക്കുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ കല്ലേറ് സമരം പൂർണമായും അവസാനിച്ചെന്നും, കഴിഞ്ഞ 18 മാസത്തിനിടെ ഒരു കശ്മീരി യുവാവ് പോലും തീവ്രവാദ പാതയിലേക്ക് പോയിട്ടില്ലെന്നും ബി.ജെ.പി വക്താവ് അഭിജിത് ജസ്രോട്ടിയ അവകാശപ്പെട്ടു. ഗ്രൗണ്ട് റിയാലിറ്റി ഇതാണെന്നിരിക്കെ കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ദിവസങ്ങൾക്ക് മുമ്പ് വിദേശകാര്യ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും ശശി തരൂർ എം.പി രംഗത്തെത്തിയിരുന്നു. വിദേശനയങ്ങളിലും അമേരിക്കയുമായുള്ള ബന്ധത്തിലും നന്ദ്രേ മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ കോൺഗ്രസ് നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടെയായിരുന്നു തരൂരിന്റെ പ്രസ്താവന.
ജി7 ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ, പൊതുവേദികളിലും രഹസ്യ ചർച്ചകളിലും നരേന്ദ്ര മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും യുദ്ധസമയങ്ങളിൽ വാണിജ്യ കപ്പലുകളിലെ സാധാരണക്കാരായ നാവികർ ആക്രമണങ്ങൾക്ക് ഇരയാകരുതെന്നും അവർ സൈനികരല്ലെന്നുമുള്ള ശക്തമായ സന്ദേശമാണ് മോദി നൽകിയതെന്നുമായിരുന്നു ചാനലിന് നൽകിയ പ്രതികരണത്തിൽ തരൂർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.