പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്
ബേർഗൻസ്റ്റോക്ക്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ഇറാൻ ഭരണകൂടം സ്വീകരിച്ചത് സമാധാനപരമായ വളരെ നിലപാടാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. സ്വിറ്റ്സർലൻഡിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി ഘട്ടത്തിൽ തികഞ്ഞ മാന്യതയോടെയും വ്യക്തതയോടെയുമാണ് ഇറാൻ നേതൃത്വം കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അവർ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പാക് പ്രധാനമന്ത്രി പ്രശംസിച്ചു. ട്രംപ് സമാധാനത്തിന്റെ വക്താവാണെന്നതിൽ തനിക്ക് യാതൊരു സംശയവുമില്ലെന്ന് പറഞ്ഞ അദ്ദേഹം, മുമ്പ് ഇന്ത്യയും പാകിസ്താനും ആണവയുദ്ധത്തിന്റെ വിരൽത്തുമ്പിലെത്തിയ ഘട്ടത്തിൽ ട്രംപ് നടത്തിയ ഇടപെടലുകൾ തെളിവായി ഓർമിപ്പിച്ചു.
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി കഴിഞ്ഞ ബുധനാഴ്ച ഒപ്പുവെച്ച ധാരണപത്രത്തിന്റെ തുടർച്ചയായാണ് സ്വിറ്റ്സർലൻഡിൽ നിർണായക ചർച്ചകൾ നടക്കുന്നത്. പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗിർ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി എന്നിവരുമാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.