കരൂരിൽ ടി.വി.കെ റാലിക്കിടെ ദുരന്തമുണ്ടായിടത്ത് ചെരുപ്പുകൾ കൂടിക്കിടക്കുന്നു
ചെന്നൈ: പ്രചാരണ റാലികൾക്ക് അനുമതി തേടി പൊലീസിൽ അപേക്ഷകൾ നൽകരുതെന്ന് നേതാക്കൾക്ക് നിർദേശവുമായി തമിഴക വെട്രി കഴകം (ടി.വി.കെ). കരൂർ ദുരന്തത്തിന് പിന്നാലെ പാർട്ടി സ്ഥാപകനേതാവും നടനുമായ വിജയ്‍യുടെ പ്രചാരണ റാലികൾ നിർത്തിവെച്ചതിന് പിന്നാലെയാണ് നടപടി.
വെല്ലുരിലും റാണിപേട്ടിലും ശനിയാഴ്ച നടക്കാനിരുന്ന റാലികൾ റദ്ദാക്കിയതായി ജില്ല സെക്രട്ടറിമാർ അറിയിച്ചു. നേരത്തെ, ഡിസംബറിൽ പൂർത്തിയാവുന്ന തരത്തിൽ ഓരോ ശനിയാഴ്ചയും മൂന്ന് ജില്ലകളിൽ വീതം റാലികൾ നടത്താനായിരുന്നു ടി.വി.കെ നേതൃത്വത്തിൻറെ പദ്ധതി.
പിന്നീട്, ഒരുദിവസം മൂന്നിന് പകരം രണ്ട് ജില്ലകളിൽ റാലിയെന്ന് വിജയ് നിർദേശം വെച്ചതോടെ റാലികൾ പൂർത്തിയാക്കാനുള്ള സമയക്രമം ഫെബ്രുവരിയിലേക്ക് നീട്ടുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ, ഒക്ടോബർ മൂന്നാംവാരത്തോടെ വിജയ് റാലികളിലേക്ക് മടങ്ങിയെത്തിയേക്കുമെന്നാണ് കരുതുന്നതെന്ന് നേതാക്കൾ പറഞ്ഞു.
കരൂർ ദുരന്തത്തിന് പിന്നാലെ അനിശ്ചിതത്വത്തിലായിരുന്ന പാർട്ടിക്ക് ‘രാഷ്ട്രീയ പോരാട്ടം തുടരുമെന്ന വിജയ്‍യുടെ ചൊവ്വാഴ്ചയിലെ പ്രഖ്യാപനം പ്രതീക്ഷ നൽകിയെന്ന് ജില്ല അധ്യക്ഷൻമാർ വ്യക്തമാക്കി.
ഇതിനിടെ, കരൂർ ദുരന്തത്തിന് പിന്നാലെ കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങുകയാണ് ടി.വി.കെ നേതൃത്വം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലടക്കം ജാഗ്രത പുലർത്തണമെന്ന് പാർട്ടി നേതൃത്വം ജില്ല നേതാക്കളടക്കമുള്ളവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതര പാർട്ടികളുടെ വിമർശനങ്ങൾക്കും കരൂർ സംഭവത്തിൽ പരാമർശങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം എക്സ് പോസ്റ്റിന്റെ പേരിൽ ടി.വി.കെ നേതാവ് ആദവ് അർജുനക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ടി.വി.കെയിൽ നിന്നുള്ള ഭാവി അഭ്യർത്ഥനകൾ ഡി.ജി.പിയുടെ ഓഫീസിലേക്ക് റഫർ ചെയ്യുമെന്ന് പോലീസ് പറഞ്ഞു. മറ്റ് രാഷ്ട്രീയ സംഘടനകൾ നൽകുന്ന അപേക്ഷകളിൽ, ആൾക്കൂട്ട നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയുൾപ്പെടെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കാൻ പ്രാദേശിക പോലീസ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.