എളമരം കരീം, കെ.കെ. രാഗേഷ് അടക്കം എട്ട് രാജ്യസഭ എം.പിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: കർഷക ബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച കേരള എം.പിമാർ അടക്കം എട്ട് പേർക്കെതിരെ അച്ചടക്ക നടപടി. എം.പിമാരെ സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു.


കേരളീയരായ കെ.കെ. രാഗേഷ്, എളമരം കരീം (സി.പി.എം), ഡെറിക് ഒബ്രിയാൻ, ദോല സെൻ (തൃണമൂൽ കോൺഗ്രസ്), രാജു സതവ്, റിപുൻ ബോറ, സഈദ് നാസിർ ഹുസൈൻ (കോൺഗ്രസ്), സഞ്ജയ് സിങ് (എ.എ.പി) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതു സംബന്ധിച്ച് പാർലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരൻ കൊണ്ടുവന്ന പ്രമേയം രാജ്യസഭ പാസാക്കി. 


രാജ്യസഭക്ക് ഞായറാഴ്ച മോശം ദിനമായിരുന്നുവെന്ന് അധ്യക്ഷൻ വെങ്കയ്യനായിഡു പറഞ്ഞു. സഭാ നടപടിക്രമം സംബന്ധിച്ച ബുക്ക് എടുത്തെറിയുന്ന സംഭവം വരെ അരങ്ങേറി. ഇത് ദൗര്‍ഭാഗ്യകരവും അംഗീകരിക്കാൻ കഴിയാത്തതും ആണ്. അംഗങ്ങളുടെ പ്രവർത്തി പാർലമെന്‍റിന്‍റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്നതാണെന്നും വെങ്കയ്യനായിഡു ചൂണ്ടിക്കാട്ടി.

അതേസമയം, സസ്പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച അംഗങ്ങൾ സഭക്കുള്ളിൽ നിന്ന് പുറത്തു പോകാൻ തയാറായില്ല. പ്രതിഷേധ സൂചകമായി അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ സഭാ നടപടികൾ അധ്യക്ഷൻ നിർത്തിവെച്ചു.


ഞായറാഴ്ച ബില്ലുകള്‍ പാസാക്കാനായി രാജ്യസഭ ചേരുന്ന സമയം നീട്ടിയതില്‍ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി ഉപാധ്യക്ഷൻ ഹരിവൻഷിന് നേരെ പാഞ്ഞടുത്തിരുന്നു. കയ്യാങ്കളിക്കിടെ മൈക്ക് തട്ടിപ്പറിക്കുകയും ബിൽ അടക്കമുള്ളവ കീറി എറിയുകയും ചെയ്തു.

ബഹളത്തെ തുടർന്ന് സഭാ നടപടികൾ പത്ത് മിനിറ്റ് നിര്‍ത്തിവെച്ചിരുന്നു. ശേഷം പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളിയാണ് കാർഷിക ബില്ലുകൾ പാസാക്കിയത്. തുടർന്ന് നടുത്തളത്തിലിറങ്ങിയ മറ്റു പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചെയർമാൻ വെങ്കയ്യ നായിഡു അച്ചടക്ക നടപടിക്ക് ഒരുങ്ങിയത്.

Latest Video

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.