ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ കുറ്റവിചാരണ പ്രമേയം രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ തള്ളി. ആവശ്യമായ വസ്തുതകളോ മതിയായ ആധാരമോ പ്രമേയത്തിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യക്ഷന്റെ നടപടി. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ഇത്തരത്തിൽ കുറ്റവിചാരണ പ്രമേയം വരുന്നത് എന്നത് ശ്രദ്ധേയമാണ്.
ലോക്സഭയിലെ 130 എം.പിമാരും രാജ്യസഭയിലെ 63 എം.പിമാരും ചേർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നൽകിയത്. പാർലമെന്റിൽ പ്രതിപക്ഷ എം.പിമാർ നൽകിയ നോട്ടീസിൽ ഗ്യാനേഷ് കുമാറിനെതിരെ ആറിന കുറ്റാരോപണങ്ങൾ ഉന്നയിച്ചിരുന്നു. അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ച പ്രക്രിയ സുതാര്യമല്ല, 2025 ആഗസ്റ്റ് 17ന് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് അദ്ദേഹം നടത്തിയ വാർത്തസമ്മേളനം പക്ഷപാതപരമാണ്, പ്രതിപക്ഷ-ഭരണകക്ഷി അംഗങ്ങളോടുള്ള സമീപനത്തിൽ വിവേചനമുണ്ട്, തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു, സുതാര്യത പരിശോധിക്കാൻ ഉപകരണങ്ങൾ നൽകാൻ വിസമ്മതിച്ചു, ഭരണകക്ഷിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസൃതമായി വോട്ടർ പട്ടിക സമഗ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കി എന്നിവയാണ് പ്രധാന ആരോപണങ്ങൾ.
ഭരണഘടനയുടെ അനുച്ഛേദം 324(5), മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ-മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമന നിയമം (2023), ജഡ്ജസ് ഇൻക്വയറി ആക്ട് (1968) എന്നിവ പ്രകാരമാണ് നോട്ടീസ് നൽകിയത്.
രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദി പുറത്തിറക്കിയ പാർലമെന്ററി ബുള്ളറ്റിനിലാണ് ചെയർമാന്റെ തീരുമാനം അറിയിച്ചത്. മാർച്ച് 12ന് ലഭിച്ച നോട്ടീസ് വിശദമായി പരിശോധിച്ചുവെന്നും, വസ്തുനിഷ്ഠമായ വിലയിരുത്തലുകൾക്ക് ശേഷം പ്രമേയം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ജഡ്ജസ് (ഇൻക്വയറി) ആക്ട് 1968-ലെ സെക്ഷൻ 3 പ്രകാരം തനിക്ക് നൽകിയിട്ടുള്ള അധികാരം ഉപയോഗിച്ചാണ് രാജ്യസഭാ അധ്യക്ഷൻ ഈ നോട്ടീസ് തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.