1 രാജ്നാഥ് സിങ്, 2 അടൽ ബിഹാരി വാജ്പേയ്
ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ 101 ജന്മദിനം ആഘോഷിക്കുമ്പോൾ മുൻ പ്രധാനമന്ത്രിയുടെ നർമബോധവും കുറിക്കുകൊള്ളുന്ന മറുപടിയും ഓർത്തെടുത്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഡിസംബർ 25ന് വാജ്പേയിയുടെ ജന്മദിനം ‘സദ്ഭരണ ദിനമായി’ കേന്ദ്ര സർക്കാർ ആഘോഷിക്കവെ ‘ഏകൽ കാവ്യ പഥ് പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രി വാജ്പേയിയുടെ പാകിസ്താൻ സന്ദർശനത്തിലെ സംഭവം ഓർത്തെടുത്തത്.
ജീവിതകാലം മുഴുവൻ അവിവാഹിതനായി തുടർന്ന വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 1999ൽ പാകിസ്താൻ സന്ദർശിച്ചപ്പോഴായിരുന്നു അത്. സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുടെ പ്രഭാഷണത്തിൽ ആകൃഷ്ടയായ പാകിസ്താനി വനിതാ മാധ്യമ പ്രവർത്തക അദ്ദേഹത്തെ വിവാഹം കഴിക്കാൻ താൽപര്യം അറിയിച്ചു. പക്ഷേ, ഒരു ഉപാധിയുണ്ടെന്നും അവർ പറഞ്ഞു. ജമ്മു കശ്മീർ മഹ്ർ (വരൻ വധുവിന് നൽകുന്ന വിവാഹ മൂല്യം) ആയി നൽകണമെന്നായിരുന്നു ആവശ്യം. ഉടൻ തന്നെ ചിരിയോടെ വാജ്പേയിയുടെ മറുപടിയും വന്നു. ‘നിങ്ങളെ വിവാഹം കഴിക്കാൻ ഞാൻ തയ്യാർ. പക്ഷേ, പാകിസ്താൻ എനിക്ക് സ്ത്രീധനമായി വേണം’ -അന്ന് വാർത്താ തലക്കെട്ടായി മാറിയ വാജ്പേയിയുടെ മറുപടി രാജ്നാഥ് സിങ് ഓർത്തെടുത്തു.
ആരെയും അതിശയിപ്പിക്കുന്നതായിരുന്നു വാജ്പേയിയുടെ നർമബോധമെന്ന് അദ്ദേഹം പറഞ്ഞു. എതിരാളികളെ പോലും കേൾവിക്കാരാക്കി മാറ്റുന്നതായിരുന്നു പ്രസംഗങ്ങളെന്ന് അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രീയ എതിരാളികളെ വിമർശിക്കുമ്പോഴും, മാന്യതയുടെ അതിർവരമ്പുകൾ അദ്ദേഹം ഒരിക്കലും ലംഘിച്ചിരുന്നില്ല -രാജ്നാഥ് സിങ് പറഞ്ഞു. കാവ്യ സദസ്സിൽ, വാജ്പേയിയുടെ വിവിധ കവിതകളും ആലപിച്ചായിരുന്നു രാജ്നാഥ് സിങ് സംസാരിച്ചത്. അധികാരത്തിനും സ്ഥാനത്തിനും അപ്പുറം, സ്വഭാവ സവിശേഷതകളും, പ്രവൃത്തിയും കൊണ്ട് ആദരിക്കപ്പെടുന്നവരിൽ ഒരാളായിരുന്നു അടൽ ബിഹാരി വാജ്‌പേയി. ആരെയും ആകർഷിക്കുന്ന സ്വഭാവമുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം, വാജ്പേയിയുടെ ജീവിതയാത്ര പലരെയും സ്വാധീനിച്ചു -രാജ്നാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.