ജയ്‌പൂർ: മതപരിവർത്തന വിരുദ്ധ ബില്ലിന് അംഗീകാരം നൽകി രാജസ്ഥാൻ മന്ത്രിസഭ. നിർബന്ധിത മതപരിവർത്തനം തടയുന്നത് ലക്ഷ്യമിട്ടാണ് പുതിയ ബിൽ പാസാക്കിയത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം.
അനധികൃത മതപരിവർത്തനം തടയാൻ രാജസ്ഥാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ പറഞ്ഞു. ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ ബലപ്രയോഗത്തിലൂടെയോ നിർബന്ധിതമായോ മതം മാറ്റുന്നതിൽ നിന്ന് ബിൽ വിലക്കും. അത്തരത്തിലുള്ള മതപരിവർത്തനം ലക്ഷ്യമിട്ട് ഒരു വ്യക്തി വിവാഹം കഴിച്ചാൽ, ആ വിവാഹം അസാധുവാക്കാൻ പുതിയ ബിൽ കുടുംബ കോടതിക്ക് അധികാരം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിയമവിരുദ്ധമായി മതപരിവർത്തനം തടയുന്നതിനുള്ള ബിൽ വിവിധ ലംഘനങ്ങൾക്ക് ഒരു വർഷം മുതൽ 10 വർഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ നിയമത്തിൽ ജാമ്യമില്ലാ കുറ്റങ്ങളടക്കം വ്യവസ്ഥ ചെയ്‌തിട്ടുണ്ടെന്നും പാർലമെന്‍ററി കാര്യ മന്ത്രി ജോഗറാം പട്ടേൽ പറഞ്ഞു.
ഒരാൾ മതം മാറാൻ ആഗ്രഹിക്കുന്നുവെങ്കില്‍ 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകണമെന്ന് ബില്ലില്‍ പറയുന്നു. തുടർന്ന് നടക്കുന്നത് നിർബന്ധിത മതപരിവർത്തനമാണോ അല്ലയോ എന്ന് ജില്ലാ മജിസ്‌ട്രേറ്റ് പരിശോധിക്കും. ഇത് നിർബന്ധിതമോ പ്രലോഭനമോ അല്ലെന്ന് കണ്ടെത്തിയാൽ മാത്രമേ അപേക്ഷകനെ മുന്നോട്ട് പോകാൻ അനുവദിക്കുകയുള്ളു എന്നും ജോഗറാം പട്ടേൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.