വിശ്വാസത്തിന് വിരുദ്ധം; മുസ്‍ലിം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സൂര്യ നമസ്കാരത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് രാജസ്ഥാനിലെ മതസംഘടനകൾ

ജയ്പൂർ: സൂര്യസപ്തമി ദിവസമായ ഫെബ്രുവരി 15ന് രാജസ്ഥാനിലെ എല്ലാ സർക്കാർ സ്കൂളുകളിലും സൂര്യനമസ്കാരം നിർബന്ധമാക്കിയിരുന്നു. എന്നാൽ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും സൂര്യനമസ്കാരത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സംസ്ഥാനത്തെ മുസ്‍ലിം സംഘടനകൾ ആഹ്വാനം ചെയ്തു. ജമാഅ​ത്തെ ഇസ്‍ലാമി രാജസ്ഥാൻ, മില്ലി കൗൺസിൽ രാജസ്ഥാൻ, ജംഇയ്യത്തെ ഉലമ രാജസ്ഥാൻ, മൻസൂരി സമാജ് രാജസ്ഥാൻ തുടങ്ങി സംസ്ഥാനത്തെ വിവിധ മുസ്‍ലിം സംഘടനകളെ പ്രതിനിധീകരിക്കുന്ന മുസ്‍ലി ഫോറമാണ് ഇതു സംബന്ധിച്ച് ബുധനാഴ്ച പ്രസ്താവനയിറക്കിയത്.

ഏകദൈവ ആരാധനയെ കുറിച്ച് ഇസ്‍ലാമിൽ വ്യക്തമായി പറയുന്നുണ്ട്. സൂര്യനമസ്കാരത്തിന്റെ ഭാഗമായുള്ള സൂര്യവന്ദനം ഹിന്ദു ആചാരങ്ങളിൽ പെട്ടതാണ്. ഒരു കാരണവശാലും മുസ്‍ലിംകൾ സൂര്യനമസ്കാരം ചെയ്യുകയോ സൂര്യനെ ആരാധിക്കുകയോ ചെയ്യരുത് എന്നാണ് ഖുർആനിൽ പറയുന്നത്.-എന്നാണ് മുസ്‍ലിം സംഘടനകൾ പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്.

സൂര്യനമസ്കാരം നിർബന്ധമാക്കിയ വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെതിരെ നൽകിയ ഹരജി രാജസ്ഥാൻ ഹൈകോടതി തള്ളിയതോടെയാണ് മുസ്‍ലിം ഫോറം പ്രസ്‍താവനയിറക്കിയത്. സമാന രീതിയിൽ 2015ൽ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവും മുസ്‍ലിം ഫോറം ഉദ്ധരിച്ചു. സൂര്യനമസ്കാരം യോഗയുടെ ഭാഗമാണെന്നും ഏത് യോഗ പ്രാക്ടീസ് ചെയ്യണമെന്നത് വിദ്യാർഥിയുടെ താൽപര്യമാണ് എന്നുമാണ് അന്നത്തെ ഉത്തരവിലുള്ളത്.

''സംസ്ഥാനത്തെ 20ലേറെ വരുന്ന സംഘടനകളുടെ സംയുക്ത ഫോറമായ രാജസ്ഥാൻ മുസ്‍ലിം ഫോറം മുസ്‍ലിം അധ്യാപകരോടും രക്ഷിതാക്കളോടും സൂര്യനമസ്കാരത്തിൽ പ​ങ്കെടുക്കരുതെന്ന് അഭ്യർഥിക്കുകയാണ്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം വിനിയോഗിക്കാൻ പൗരൻമാർക്ക് അവകാശമുണ്ട്.''-രാജസ്ഥാൻ മുസ്‍ലിം ഫോറത്തിലെ അംഗം നഈം റബ്ബാനി പറഞ്ഞു.

ജനുവരിയിലാണ് സ്കൂളുകളിൽ സൂര്യനമസ്കാരം നടത്തണമെന്നും എല്ലാ വിദ്യാർഥികളും അധ്യാപകരും ഭാഗവാക്കാകണമെന്നുമുള്ള ഉത്തരവ് രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ പുറത്തിറക്കിയത്. സൂര്യനമസ്കാരം നടത്താത്ത സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും ഉത്തരവിലുണ്ടായിരുന്നു. തുടർന്ന് മതസ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ് ഇതെന്നാരോപിച്ച് മുസ്‍ലിം സംഘടനകൾ രംഗത്തുവരികയായിരുന്നു.

Tags:    
News Summary - Rajasthan Muslim Groups Urge Citizens Not to Take Part in Govt Schools' Surya Namaskar Programmes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.