യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ റെയിൽവേ 11,000-ത്തിലധികം കോച്ചുകളിൽ കാമറകൾ സ്ഥാപിച്ചു -അശ്വനി വൈഷ്ണവ്

ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ ഇതുവരെ നിരവധി സോണുകളിലായി 11,535 കോച്ചുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇന്ന് നടന്ന പാർലിമെന്റ് സമ്മേളത്തിൽ പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണെന്നും രാജ്യത്തുടനീളമായി ഏകദേശം 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"പ്രവേശന കവാടത്തിൽ രണ്ട് കാമറകൾ ഉൾപ്പെടെ ഓരോ കോച്ചിലും നാല് സി.സി.ടി.വി കാമറകൾ ഉണ്ടായിരിക്കും. കൂടാതെ ലോക്കോമോട്ടീവിൽ ആറ് സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. ലോക്കോമോട്ടീവിന്റെ മുൻവശത്തും പിൻവശത്തുമായി ഓരോ കാമറയും കാബിനിന്റെ ഉൾവശത്തായി കാമറയും രണ്ട് ഡെസ്ക് മൗണ്ടഡ് മൈക്രോഫോണുകളും ഉണ്ടായിരിക്കുമെന്ന്' പാർലിമെന്റിൽ ലഭിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകി.

സി.സി.ടി.വി കാമറകൾക്ക് STQC (സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ ഡയറക്ടറേറ്റ്) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും. കൂടാതെ ഏറ്റവും പുതിയ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റെ (RDSO) സ്പെസിഫിക്കേഷൻ അനുസരിച്ചായിരിക്കും ഇവ പ്രവർത്തിക്കുക. 100 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് പോലും ഈ കാമറകൾ ഉയർന്ന നിലവാരമുള്ള ദൃശ്യങ്ങൾ നൽകാൻ സാധിക്കും. ഭാവിയിൽ എ.ഐ അധിഷ്ഠിത തത്സമയ നിരീക്ഷണ പദ്ധതി നടപ്പിലാക്കാനും സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷയും സാധനങ്ങളുടെ ഭദ്രതയും മെച്ചപ്പെടുത്തുക എന്നതാണ് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം. പൊതുമുതൽ നശിപ്പിക്കൽ, മോഷണം എന്നിവ കുറക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണം എളുപ്പമാക്കാൻ പൊലീസിന് ഇത്തരം കാമറകൾ സഹായകമാകുമെന്നാണ് പ്രതീക്ഷ. ഇതുമൂലം യാത്രക്കാർക്ക് പേടി കൂടാതെ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവസരമാണ് സർക്കാർ ഒരുക്കണതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Railways has installed cameras in over 11,000 coaches to enhance passenger safety - Ashwani Vaishnav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.