ന്യൂഡൽഹി: ഇനി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിശ്ചയിച്ച തീയതിയിൽ യാത്ര നടക്കാതെ പണം നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. കൺഫോം ചെയ്ത ട്രെയിൻ ടിക്കറ്റിന്‍റെ തീയതി ഓൺലൈനായി മാറ്റി നൽകാൻ യാത്രക്കാർക്ക് അവസരം നൽകുകയാണ് ഇന്ത്യൻ റെയിൽവേ. ജനുവരി മുതൽ ഇതിനുള്ള സൗകര്യം ലഭ്യമായി തുടങ്ങുമെന്ന് റെയൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിലവിൽ യാത്രക്കാർക്ക് ബുക്കിങ് കാൻസൽ ചെയ്ത ശേഷം വീണ്ടും ബുക്ക് ചെയ്താൽ മാത്രമേ യാത്രാ തീയതി മാറ്റാൻ കഴിയുകയുള്ളൂ. ഇതുവഴി കാൻസലേഷൻ ഫീസ് അടക്കമുള്ള നഷ്ടം യാത്രക്കാരനുണ്ടാവും.
എന്നാൽ പുതിയ സംവിധാനത്തിൽ മാറ്റി നൽകുന്ന തീയതിയിൽ കൺഫോം ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് മന്ത്രി പറഞ്ഞു.ടിക്കറ്റിന്‍റെ ലഭ്യത അവനുസരിച്ചായിരിക്കും ലഭ്യമാവുക.അതുപോലെ പുതിയ ടിക്കറ്റിന് അധികം തുക ആയാൽ അത് യാത്രക്കാരൻ നൽകേണ്ടി വരും.
പുതിയ തീരുമാനം ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഉപകാരപ്പെടുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ, ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടക്ക് കാൻസൽ ചെയ്യുമ്പോൾ 25 ശതമാനം വരെ കാൻസലേഷൻ ഫീസായി നൽകണം. 12നും 4 മണിക്കൂറിനും മുമ്പാകുമ്പോൾ ഇതിരട്ടിക്കും. ചാർട്ട് തയാറായിക്കഴിഞ്ഞാൽ സ്വാഭാവികമായും കാൻസലേഷനും റീഫണ്ടും ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.