മുംബൈ: പാചകവാതക ക്ഷാമത്തെ തുടർന്ന് ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാറുകളിൽ തീജ്വാലയില്ലാതെ പാചകം ചെയ്യാൻ റെയിൽവേ ബോർഡിന്റെ അനുമതി. ഇതോടെ അടിയന്തര സാഹചര്യങ്ങളിൽ ചായ, ലഘുഭക്ഷണം തുടങ്ങിയവ തയാറാക്കാനായി ഇൻഡക്ഷൻ സ്റ്റൗ, മൈക്രോവേവുകൾ, മറ്റ് ഇലക്ട്രിക് കുക്കിങ് ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിക്കാനാകും. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പാചകം ചെയ്യണമെന്നാണ് റെയിൽവേ ബോർഡിന്റെ നിർദേശം.
മുംബൈയിൽനിന്ന് ഹൗറ, ഡൽഹി, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളിലെ പാൻട്രി കാറുകളിൽ തീയില്ലാതെ പാചകം ചെയ്യാനാണ് അനുമതി. നേരത്തേ പാൻട്രി കാറുകളിൽ മുൻകൂട്ടി പാകം ചെയ്തതോ തയാറാക്കിയ ഭക്ഷണം ചൂടാക്കുന്നതിനോ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാൽ, പുതിയ നിർദേശത്തിൽ ജ്വാലയില്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് പാചകം അനുവദിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം പല റൂട്ടുകളിലും കാറ്ററിങ് സംവിധാനത്തെ തടസ്സപ്പെടുത്തിയിരുന്നു. മറ്റ് മാർഗങ്ങളിലൂടെയുളള ഭക്ഷണ വിതരണം പരിമിതമായാൽ പാൻട്രി കാർ ജീവനക്കാർക്ക് ട്രെയിനിനുളളിൽതന്നെ ഭക്ഷണം തയാറാക്കാൻ ഈ നീക്കം സഹായിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സെൻട്രൽ, വെസ്റ്റേൺ റെയിൽവേകളിൽ കാറ്ററിങ് സേവനങ്ങൾക്കായി പ്രതിദിനം 1000 പാചകവാതക സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.