ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ കേംബ്രിജ് പ്രസംഗത്തിനെതിരായ ബി.ജെ.പി വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ്.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നിലപാട് വിവരക്കേടിൽനിന്നോ പൂർണമായും വ്യാജ രാഷ്ട്രീയ നിലപാടിൽനിന്നോ വരുന്നതാണെന്നും ഇത് രണ്ടിനും ജനാധിപത്യത്തിൽ ഒരു സ്ഥാനവുമില്ലെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ എ.ഐ.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ പ്രമുഖ നേതാവാണ് രാഹുൽ. മുൻ ഭരണകക്ഷിയുടെ മുൻനിരയിലുള്ള ആളാണ്. പ്രതിപക്ഷത്തെ പ്രധാന വ്യക്തിത്വമാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾക്കുവേണ്ടി നിരന്തരം നിലകൊണ്ട വ്യക്തിയുമാണ്. സംഘർഷത്തിൽ പുകയുന്ന ലോകത്തിനുമുന്നിൽ ഇന്ത്യക്ക് എന്താണ് ക്രിയാത്മകമായി ചെയ്യാനാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ മർമം.
യഥാർഥത്തിൽ ഇന്ത്യൻ ജനാധിപത്യത്തെ പുകഴ്ത്തുകയാണ് രാഹുൽ ചെയ്തത്. രാജ്യം പടുത്തുയർത്തപ്പെട്ട മൂല്യവ്യവസ്ഥയുടെ പതാകവാഹകൻ ആണ് അദ്ദേഹം. മഹാത്മാ ഗാന്ധിയെയും ഭരണഘടന മൂല്യങ്ങളെയും രാജ്യത്തിന്റെ അടിത്തറയെയും കുറിച്ച് സംസാരിക്കവെ, ഇന്ത്യയെ അഭിമാനപൂരിതമാക്കുകയാണ് അദ്ദേഹം ചെയ്തത്. ഇത് ശരിയല്ല എന്ന് ബി.ജെ.പി പറയുന്നത് അജ്ഞതകൊണ്ടാണ് -അവർ പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ ‘പെഗസസ്’ വഴി രഹസ്യ നിരീക്ഷണം നടത്തിയെന്ന ആരോപണം പൂർണമായും ശരിയാണ്.
ഒരു വിഭാഗം മാധ്യമങ്ങൾ സംയുക്ത ഗൂഢാലോചനയുടെ ഭാഗമായി പുൽവാമ, ചൈന വിഷയങ്ങളിൽ രാഹുലിന്റെ പ്രസ്താവന മോശമായി ചിത്രീകരിക്കുകയാണ്. പുൽവാമ സംഭവത്തെ ഭീകരാക്രമണമെന്ന് രാഹുൽ വിളിച്ചില്ലെന്ന് ആർക്ക് പറയാനാകും എന്ന് ശ്രീനാതെ ചോദിച്ചു. ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ഇന്ത്യയുടെ വില കളയുകയാണ് മോദിസർക്കാർ ചെയ്തതെന്നും അവർ പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യം വലിയ പ്രതിസന്ധി നേരിടുകയാണെന്നും മാധ്യമങ്ങളും കോടതിയുമെല്ലാം സർക്കാർ നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നുമാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കേംബ്രിജ് പ്രസംഗത്തിൽ പറഞ്ഞത്. ഇത് ബി.ജെ.പി വിവാദമാക്കിയിരുന്നു. കേംബ്രിജ് സർവകലാശാലയിൽ ‘21ാം നൂറ്റാണ്ടിൽ കേൾക്കാൻ പഠിക്കുക’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് രാഹുൽ കേന്ദ്ര സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.