രാഹുൽ ഗാന്ധി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പ്രധാനമന്ത്രി ഉടൻ തന്നെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും അല്ലെങ്കിൽ ഈ വിഷയത്തിൽ പ്രധാനമന്ത്രി വ്യക്തിപരമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ബി.ജെ.പി-ആർ.എസ്.എസ് സഖ്യം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണമായി തകർത്തതായും അദ്ദേഹം വീഡിയോയിലൂടെ ആരോപിച്ചു.പരീക്ഷ എഴുതിയ 22 ലക്ഷത്തോളം വരുന്ന മെഡിക്കൽ വിദ്യാർഥികളുടെ കഠിനാധ്വാനമാണ് ഈ ക്രമക്കേടിലൂടെ പാഴായിപ്പോയതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
’പരീക്ഷ നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ ചോദ്യപേപ്പർ വാട്സാപ്പ് വഴി വിതരണം ചെയ്യപ്പെട്ടിരുന്നുവെന്ന കാര്യം രാജ്യം മുഴുവൻ അറിയാം. എന്നാൽ തനിക്ക് ഇതിൽ പങ്കില്ലെന്നാണ് ധർമ്മേന്ദ്ര പ്രധാൻ പറയുന്നത്. സർവകലാശാലകളിൽ വൈസ് ചാൻസലർമാരായി വരാൻ ഇപ്പോൾ വിഷയത്തിലുള്ള അറിവോ പരിചയമോ അല്ല മാനദണ്ഡം, പകരം ആർ.എസ്.എസ് പ്രത്യയശാസ്ത്രം പിന്തുടരുന്നവരാണോ എന്ന് മാത്രമാണ് നോക്കുന്നത്. ഈ താൽപര്യങ്ങളാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർത്തത്’ — രാഹുൽ ഗാന്ധി പറഞ്ഞു.
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് കഴിഞ്ഞ മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ, റദ്ദാക്കിയ പരീക്ഷകൾ ജൂൺ 21ന് വീണ്ടും നടത്തുമെന്നും അടുത്ത വർഷം മുതൽ പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമായി മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെള്ളിയാഴ്ച അറിയിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഭാവിക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ക്രമക്കേടുകളോട് വിട്ടുവീഴ്ചയില്ലാത്തസമീപനമായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ, രാജ്യത്ത് ഇതിനകം എൺപതോളം തവണ പരീക്ഷാ പേപ്പർ ചോർച്ചകൾ ഉണ്ടായിട്ടുണ്ടെന്നും ഇത് രണ്ട് കോടിയോളം യുവാക്കളുടെ ഭാവിയാണ് തകർത്തതെന്നും ആരോപിച്ച പ്രതിപക്ഷം, മന്ത്രിയെ പുറത്താക്കി കുറ്റക്കാരെ ജയിലിലടക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ശക്തമായി ആവശ്യപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.