രാഹുലിന് ഔദ്യോഗിക വസതി ഒഴിയേണ്ടി വരും

ന്യൂഡൽഹി: മേൽകോടതിയിൽനിന്ന് അനുകൂല നടപടി ഉണ്ടാകുന്നില്ലെങ്കിൽ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ല്യൂട്ടൻസ് ഡൽഹിയിലെ ഔദ്യോഗിക വസതി ഒരുമാസത്തിനകം ഒഴിയേണ്ടിവരും.

2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്നാണ് 12, തുഗ്ലക് ലേൻ ബംഗ്ലാവ് രാഹുൽ ഗാന്ധിക്ക് ലഭിച്ചത്. അയോഗ്യത പ്രാബല്യത്തിൽ വന്നതുമുതൽ ഒരു മാസത്തിനകം ഔദ്യോഗിക വസതി ഒഴിയണമെന്നാണ് വ്യവസ്ഥ.

സുരക്ഷ വെട്ടിക്കുറച്ചതിനെത്തുടർന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് 2020 ജൂലൈയിൽ ലോധി എസ്റ്റേറ്റ് ബംഗ്ലാവ് ഒഴിയേണ്ടിവന്നിരുന്നു.

സർക്കാറിനെതിരെ ശബ്ദിക്കുന്നവരെ ഒഴിവാക്കാനുള്ള ശ്രമം -മുഹമ്മദ് ഫൈസൽ

കൊച്ചി: സർക്കാറിനെതിരെ ശബ്ദിക്കുന്നവരെ ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് രാഹുൽഗാന്ധിയെ അതിവേഗത്തിൽ അയോഗ്യനാക്കിയ നടപടിയെന്ന് മുമ്പ് സമാന നടപടി നേരിട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ. വധശ്രമക്കേസിൽ കവരത്തി കോടതി പുറപ്പെടുവിച്ച ശിക്ഷ വിധിയുടെ അടിസ്ഥാനത്തിൽ അതിവേഗത്തിലാണ് മുഹമ്മദ് ഫൈസലിന്‍റെ പാർലമെൻറ് അംഗത്വം റദ്ദാക്കപ്പെട്ടത്. തിടുക്കത്തിൽ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരി 25ന് ഹൈകോടതി കുറ്റവും ശിക്ഷയും റദ്ദാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വെച്ചത്.

എന്നാൽ, രണ്ട് മാസമാകുമ്പോഴും പാർലമെന്‍റ് അംഗത്വത്തിലെ അയോഗ്യത റദ്ദാക്കാനുള്ള നടപടിയുണ്ടായിട്ടില്ലെന്ന് ഫൈസൽ ചൂണ്ടിക്കാട്ടി. സർക്കാറിനെതിരെ സംസാരിക്കുന്നവരെ സഭയിൽനിന്ന് ഒഴിവാക്കുകയെന്ന ചിന്തയുടെ ഭാഗമായാണ് ഇതൊക്കെയെന്ന് തിരിച്ചറിയാനാകും. ജനപ്രതിനിധികളെ തങ്ങളുടെ താൽപര്യങ്ങൾക്ക് വേണ്ടി അയോഗ്യരാക്കുന്ന നടപടി ജനാധിപത്യ മൂല്യങ്ങൾക്കെതിരാണ്. ഇത്തരം നീക്കങ്ങൾ പ്രതിപക്ഷ ഐക്യത്തിന് ആക്കം വർധിപ്പിക്കുമെന്ന കാര്യം ബി.ജെ.പി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം സംരക്ഷിക്കാൻ ജയിലിൽ പോകും- ഖാർഗെ

ന്യൂഡൽഹി: രാഹുലിനെ അയോഗ്യനാക്കാൻ ബി.ജെ.പി എല്ലാ വഴികളിലൂടെയും ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി കമ്മിറ്റി അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത് ശക്തമായി തുടരുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സത്യം പറയുന്നവരെ നിലനിർത്താൻ അവർ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞങ്ങൾ സത്യം പറയുന്നത് തുടരും. ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ഞങ്ങൾ ജയിലിലേക്ക് പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

അദാനിക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ച ദിവസം പ്രധാനമന്ത്രി, രാഹുൽ ഗാന്ധിയുടെ വായടപ്പിക്കാൻ ഇത്തരത്തിലുള്ള ഗൂഢാലോചന ആരംഭിച്ചുവെന്നും ഇത് ജനാധിപത്യവിരുദ്ധ, ഏകാധിപത്യ മനോഭാവത്തിന്‍റെ വ്യക്തമായ ഉദാഹരണമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും അയോഗ്യരാക്കിയതുകൊണ്ട് ഭയപ്പെടുത്താനോ നിശ്ശബ്ദരാക്കാനോ കഴിയില്ലെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു. നടപടിയുടെ വേഗം ഞെട്ടിപ്പിക്കുന്നതാണെന്നും ഇത്തരം നടപടികള്‍ ജനാധിപത്യത്തെ തകര്‍ക്കുമെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. പാര്‍ലമെന്‍റിന് അകത്തും പുറത്തും രാജ്യം നേരിടുന്ന സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങളില്‍ നിര്‍ഭയം അഭിപ്രായം പറഞ്ഞതിന്‍റെ പേരിലാണ് രാഹുല്‍ ഗാന്ധി വേട്ടയാടപ്പെടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പറഞ്ഞു. നടപടി ജനാധിപത്യത്തിന്‍റെ ഈറ്റില്ലത്തിൽനിന്ന് സത്യത്തെ പടിയിറക്കുന്നതിന് തുല്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.

Tags:    
News Summary - Rahul May Have To Vacate Official Bungalow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.