ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ ബിഹാറിൽ കോൺഗ്രസ് സ്വാധീനമുള്ള നിയമസഭാ മണ്ഡലങ്ങളിലൂടെയുള്ള ‘വോട്ടർ അധികാർ യാത്ര’ ഇൻഡ്യയുടേതാക്കി മാറ്റി രാഹുൽ ഗാന്ധി. ബിഹാറിലെ മുഖ്യപ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാദളിന്റെ ലാലുപ്രസാദ് യാദവിനെയും തേജസ്വി യാദവിനെയും മുന്നിൽ നിർത്തി ഇൻഡ്യ ഘടകകക്ഷികളെ കൂടെ നിർത്തി മുന്നണിയുടെ സമര പോരാട്ടമാക്കി യാത്രയെ മാറ്റാൻ രാഹുലിനായി. സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്തും അവരോട് കൂടിയാലോചിച്ചുമാണ് യാത്ര മുന്നോട്ടു കൊണ്ടുപോകുകയെന്ന് ഉദ്ഘാടന വേദി സാക്ഷ്യംനിന്നു.
എല്ലാം തേജസ്വിയോട് കൂടിയാലോചിച്ച് രാഹുൽ
ലാലുപ്രസാദ് യാദവും തേജസ്വി യാദവും വേദിയിൽ എത്തിയശേഷം അവരോടു കൂടി ആലോചിച്ചാണ് ആരൊക്കെ സംസാരിക്കണം എന്നുപോലും കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർദേശം നൽകിയത്. വേണുഗോപാലിന് ഈ നിർദേശം നൽകിയതാകട്ടെ രാഹുൽ ഗാന്ധിയും. തേജസ്വി എത്തും മുമ്പ് കനയ്യ കുമാർ സംസാരിച്ചു. തേജസ്വി സംസാരിച്ച ശേഷമാണ് രാഹുൽ സംസാരിച്ചത്. പപ്പു യാദവിന് സംസാരിക്കാൻ അവസരം ലഭിച്ചതുമില്ല. മുഖ്യ സഖ്യ കക്ഷിക്ക് അനിഷ്ടമായതൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു കോൺഗ്രസ്.
രാഹുലിനെ ഇരുത്തി ജീപ്പ് ഓടിച്ച് തേജസ്വി
മല്ലികാർജുൻ ഖാർഗെയെ ചേർത്തുപിടിച്ച് ലാലുപ്രസാദ് യാദവ് വേദിയിലും രാഹുലിനെ ഇരുത്തി ജീപ്പോടിച്ച് തേജസ്വി വേദിക്ക് താഴെയും വോട്ടർ അധികാർ യാത്ര തങ്ങളുടേതു കൂടിയാണെന്ന് പ്രഖ്യാപിച്ചു.
"ബഡേ ഭായ്" എന്ന് തേജസ്വി രാഹുലിനെ അഭിസംബോധന ചെയ്തത് ഹർഷാരവങ്ങളോടെയാണ് കോൺഗ്രസ്- ആർ.ജെ.ഡി പ്രവർത്തകർ എതിരേറ്റത്. തുടർന്ന് മോദിയുടെ മൂക്കിന് താഴെ സത്യം വിളിച്ചു പറയാൻ രാഹുൽ കാണിച്ച ധൈര്യത്തെ തേജസ്വി മുക്തകണ്ഠം പ്രശംസിച്ചതോടെ ഇരു പാർട്ടികളുടെയും പ്രവർത്തകർ ജയാരവം മുഴക്കി. യാത്ര ഉദ്ഘാടന വേദിക്ക് പുറത്ത് റോഡിലേക്ക് കടന്നപ്പോഴും ഇടതും വലതുമായി രാഹുലും തേജസിയും വാഹനപ്പുറത്തേറിയാണ് യാത്ര നയിച്ചത്.
‘വാരാണസിയുടെ യഥാർഥ എം.പി’യായി അജയ് റായ്
വോട്ടു ചോരിക്കെതിരായ വോട്ടർ അധികാർ യാത്രക്ക് തുടക്കമിട്ട സാസാറാമിലെ സുഅർ എയർ സ്ട്രിപ്പിലെ വേദിയിൽ വാരാണസിയിൽനിന്ന് ശരിക്കും ജയിച്ച എം.പി ആയിട്ടാണ് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ സംസാരിക്കാൻ വിളിച്ചത്.
നീണ്ട കരഘോഷത്തോടെ സദസ്സ് അത് ഏറ്റെടുത്തു. വോട്ടുചോർ എന്ന് നരേന്ദ്ര മോദിയെ വിളിച്ച അജയ് റായ് ഈ തെരഞ്ഞെടുപ്പിൽ ബിഹാറിൽ വോട്ടു കള്ളന്മാരെ തോൽപ്പിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വോട്ടുകള്ളന്മാരെയും തങ്ങൾ തോൽപ്പിക്കുമെന്ന് പറഞ്ഞു.
അസ്തിത്വ പോരാട്ടം -തേജസ്വി യാദവ്
അവകാശത്തിനല്ല, അസ്തിത്വത്തിനായുള്ള പോരാട്ടമാണ് വോട്ടർ അധികാർ യാത്രയെന്ന് ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. വോട്ടു മോഷണമല്ല, വോട്ടു കൊള്ളയാണ് ബിഹാറിൽ നടക്കുന്നതെന്നും കൊള്ളക്കാരെ പാഠം പഠിപ്പിക്കുമെന്നും തേജസ്വി പറഞ്ഞു.
ഭരണഘടനക്ക് ഭീഷണി - ഖാർഗെ
വോട്ട് മോഷണത്തിലൂടെ ബി.ജെ.പി നയിക്കുന്ന സർക്കാർ പൗരന്മാരുടെ ജനാധിപത്യാവകാശങ്ങൾക്കും ഭരണഘടനക്കും വലിയ ഭീഷണിയായി മാറിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. മോദി സർക്കാർ അധികാരത്തിലിരിക്കുവോളം ഭരണഘടന ഭീഷണിയിൽ ആയിരിക്കുമെന്നും ജനങ്ങളുടെ അവകാശം സുരക്ഷിതമായിരിക്കില്ലെന്നും ഖാർഗെ ഓർമിപ്പിച്ചു.
ബിഹാറിലെത്തി ആശംസ നേർന്ന് പി. സന്തോഷ് കുമാർ
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ഇന്ത്യ സഖ്യത്തിന്റെ ഘടകകക്ഷി നേതാവ് എന്നനിലയിൽ സി.പി.ഐക്കുവേണ്ടി ആശംസകൾ അർപ്പിക്കാൻ കേരളത്തിൽനിന്നുള്ള രാജ്യസഭാ അംഗം പി. സന്തോഷ് കുമാറും എത്തി. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മലയാളിയായ കെ.സി. വേണുഗോപാൽ കൂടി അണിനിരന്ന വേദിയിൽ ബീഹാറിന്റെ ഭാവിക്കല്ല, മുഴുവൻ രാജ്യത്തിന്റെയും ഭാവിക്കായുള്ള പോരാട്ടമാണ് ഈ യാത്രയെന്ന് സി.പി.ഐ രാജ്യസഭാ കക്ഷി നേതാവ് കൂടിയായ പി. സന്തോഷ് കുമാർ പ്രഖ്യാപിച്ചു. യാത്ര മഹാമുന്നേറ്റത്തിന്റെ തുടക്കമാണെന്ന് സി.പി.ഐ -എം.എൽ നേതാവ് ദീപാങ്കർ ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.