ന്യൂഡൽഹി: എസ്.ഐ.ആറിന്റെ പേരിൽ ഗുജറാത്തിൽ നടക്കുന്നത് നന്നായി ആസൂത്രണം ചെയ്തതും, സംഘടിതവും, തന്ത്രപരവുമായ വോട്ട് ചോരി ആണെന്നും തെരഞ്ഞെടുപ്പ് കമീഷൻ ‘വോട്ട് മോഷണ ഗൂഢാലോചന’യിൽ പ്രധാന പങ്കാളിയായി മാറിയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന ഭരണഘടനാപരമായ അവകാശം നശിപ്പിക്കുന്നതിനുള്ള ഒരു ആയുധമായി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണം (എസ്.ഐ.ആർ) രൂപാന്തരപ്പെട്ടിരിക്കുന്നുവെന്നും അതിലൂടെ ജനങ്ങളല്ല, ബി.ജെ.പിയാണ് ആരാണ് അധികാരത്തിൽ വരേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘എസ്.ഐ.ആർ ഉള്ളിടത്തെല്ലാം വോട്ട് മോഷണമുണ്ട്. എസ്.ഐ.ആറിന്റെ പേരിൽ ഗുജറാത്തിൽ ചെയ്യുന്നത് ഒരു തരത്തിലുമുള്ള ഭരണ പ്രക്രിയയല്ല. അത് നന്നായി ആസൂത്രണം ചെയ്തതും സംഘടിതവും, തന്ത്രപരവുമായ വോട്ട് ചോരിയാണ്’- രാഹുൽ ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു.
ഏറ്റവും ഞെട്ടിക്കുന്നതും അപകടകരവുമായ കാര്യം, ഒരേ പേരിൽ ആയിരക്കണക്കിന് എതിർപ്പുകൾ ഫയൽ ചെയ്യപ്പെട്ടു എന്നതാണെന്നും രാഹുൽ പറഞ്ഞു. അലന്ദിലും രജുരയിലും ഇതേ കാര്യം സംഭവിച്ചു. ഇപ്പോൾ ഗുജറാത്തിലും രാജസ്ഥാനിലും എസ്.ഐ.ആർ നടപ്പാക്കിയ എല്ലാ സംസ്ഥാനങ്ങളിലും ഇതേ ബ്ലൂപ്രിന്റ് നടപ്പിലാക്കുന്നു.
കോൺഗ്രസ് പാർട്ടിയെ പിന്തുണക്കുന്ന പ്രത്യേക സമുദായങ്ങളിൽ നിന്നും ബൂത്തുകളിൽ നിന്നുമുള്ള വോട്ടുകൾ തെരഞ്ഞെടുത്ത് നീക്കം ചെയ്തു. ബി.ജെ.പി പരാജയപ്പെടാൻ സാധ്യതയുള്ളിടത്തെല്ലാം വോട്ടർമാരെ സിസ്റ്റത്തിൽ നിന്ന് അപ്രത്യക്ഷരാക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഏറ്റവും ഗുരുതരമായ സത്യം, തെരഞ്ഞെടുപ്പ് കമീഷൻ ഇനി ജനാധിപത്യത്തിന്റെ സംരക്ഷകനല്ല, മറിച്ച് ഈ വോട്ട് മോഷണ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയായി മാറിയിരിക്കുന്നു എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി വോട്ട് കൃത്രിമത്വം തുറന്നുകാട്ടിയതിന് ശേഷം, ബി.ജെ.പി അടുത്ത ലെവൽ തെരഞ്ഞെടുപ്പ് കൃത്രിമത്വ മാതൃക സ്വീകരിച്ചുവെന്ന് ആരോപിച്ച് ഗുജറാത്ത് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പോസ്റ്റും പുറത്തുവന്നിട്ടുണ്ട്.
‘തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നത് നിങ്ങളുടെ വോട്ടവകാശം മോഷ്ടിക്കലാണ്. ഗുജറാത്തിൽ ഈ പുതിയ കളി പുറത്തായിരിക്കുന്നു. നിയമങ്ങൾ അനുസരിച്ച്, എസ്.ഐ.ആർ കരട് പട്ടിക പുറത്തിറക്കി എതിർപ്പു ഫോമുകൾ സ്വീകരിക്കാൻ തുടങ്ങിയതിനുശേഷം ജനുവരി 18 അവസാന തിയ്യതിയായി നിശ്ചയിച്ചു. ജനുവരി 15 വരെ വിരലിലെണ്ണാവുന്ന എതിർപ്പുകൾ മാത്രമേ ലഭിച്ചുള്ളൂ. പക്ഷേ, യഥാർത്ഥ കളി പിന്നീട് ആരംഭിച്ചു. ഗൂഢാലോചനയുടെ ഭാഗമായി ദശലക്ഷക്കണക്കിന് എതിർപ്പുകൾ പെട്ടെന്ന് സമർപ്പിക്കപ്പെട്ടു’വെന്ന് പാർട്ടിയുടെ സംസ്ഥാന യൂനിറ്റ് അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് കമീഷൻ 1.2 ദശലക്ഷം എതിർപ്പുകൾ പുറത്തിറക്കിയപ്പോൾ, പ്രത്യേക ജാതികളെയും സമൂഹങ്ങളെയും പ്രദേശങ്ങളെയും ലക്ഷ്യം വെച്ചുള്ള നിയമങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് വ്യക്തമായി. വ്യത്യസ്ത പേരുകളും ഒപ്പുകളുമുള്ള ഒരൊറ്റ വ്യക്തിയുടെ പേരിൽ ഡസൻ കണക്കിന് എതിർപ്പുകൾ ഫയൽ ചെയ്യപ്പെട്ടു. അപ്പോഴെല്ലാം തെരഞ്ഞെടുപ്പ് കമീഷൻ നിശബ്ദ കാഴ്ചക്കാരനായി തുടർന്നു.
പ്രധാന പ്രതിപക്ഷ പാർട്ടി എതിർപ്പുകളെക്കുറിച്ച് വിവരങ്ങൾ ആവശ്യപ്പെട്ട് ഒരു കത്ത് എഴുതുമ്പോൾ, അവർക്ക് ഒരു പ്രതികരണവും ലഭിക്കുന്നില്ല. ഇത് തെരഞ്ഞെടുപ്പ് കൃത്രിമത്വം പൂർണമായും വ്യക്തമാക്കുന്നു. കാരണം തെരഞ്ഞെടുപ്പ് കമീഷൻ അതിന്റെകടമയും ഉത്തരവാദിത്തവും ഭരണകക്ഷിക്ക് പണയപ്പെടുത്തിയിരിക്കുന്നുവെന്നും പാർട്ടി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.