നരേന്ദ്ര മോദിയും ഗൗതം അദാനിയും ഒരുമിച്ച് വിമാനയാത്ര ചെയ്യുന്നതിന്‍റെ ചിത്രം ലോക്സഭയിൽ രാഹുൽ ഗാന്ധി ഉയർത്തികാട്ടുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ലോക്‌സഭാ രേഖകളിൽനിന്ന് നീക്കി. ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെ പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള കൂട്ടുകെട്ട് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പാർലമെന്റിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
അദാനിക്ക് പിന്നിൽ മോദിയാണെന്നും അദാനിയുടെ വളർച്ചക്ക് പിന്നിൽ മോദിയുടെ സഹായമുണ്ടെന്നും അദാനിക്ക് മോദി വഴിവിട്ട നിരവധി സഹായങ്ങൾ ചെയ്‌തെന്നും രാഹുൽ ആരോപിച്ചിരുന്നു. അദാനിക്കൊപ്പമുള്ള പ്രധാനമന്ത്രിയുടെ ചിത്രം ലോക്‌സഭയിൽ ഉയർത്തിക്കാട്ടിയാണ് രാഹുൽ പ്രസംഗിച്ചത്.
2014 മുതൽ അദാനിയുടെ ആസ്തി പല മടങ്ങ് വർധിച്ചു. അദാനിക്ക് ഇത്രയും സമ്പത്തുണ്ടായത് എങ്ങനെയെന്ന് ജനങ്ങൾ ചോദിക്കുന്നു. ഭാരത് ജോഡോ യാത്രക്കിടയിൽ എല്ലായിടത്തും കേട്ടത് അദാനിയുടെ പേരാണ്. അദാനിയുമായി മോദിക്ക് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ ബന്ധമുണ്ടെന്നും രാഹുൽ പറഞ്ഞു.രാഹുലിന്റെ പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കണമെന്ന് ഇന്നലെ തന്നെ ഭരണപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോപങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ സഭാരേഖകളിൽനിന്ന് നീക്കം ചെയ്തതായി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.