മുംബൈ: വോട്ട് മോഷണം, സവർക്കർക്ക് എതിരായ പരാമർശം അടക്കമുള്ള പോരാട്ടങ്ങളുടെ പേരില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടെ ജീവൻ ഭീഷണിയിലാണെന്ന് ജനപ്രതിനിധികൾക്കായുള്ള പുണെയിലെ കോടതിയിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ. എന്നാൽ, ഈ പരാമർശം തന്റെ അറിവോടെയല്ലെന്നും ഇന്ന് പിൻവലിക്കുമെന്നും രാഹുൽ അറിയിച്ചതായി കോൺഗ്രസിന്റെ മാധ്യമ വിഭാഗം തലവൻ പവൻ ഖേര പറഞ്ഞു. സവർക്കറെ അപമാനിച്ചെന്നാരോപിച്ച് ബന്ധു സത്യകി സവർകർ നൽകിയ മാനനഷ്ട കേസിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു അഭിഭാഷകൻ ഭീഷണിുടെ കാര്യം പറഞ്ഞത്.
പരാതിക്കാരന്‍ മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുടെ പിന്‍ഗാമിയാണെന്നും രാഹുലിന് സുരക്ഷ നൽകൽ സംസ്ഥാനത്തിന്റെ ഭരണഘടനാ ബാധ്യതയാണെന്നും അഭിഭാഷകൻ മിലിന്ദ് പവാർ പൂനെയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) അമോൽ ഷിൻഡെ മുമ്പാകെ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ഗോഡ്സെയുടെ കുടുംബ പരമ്പരക്ക് അക്രമത്തിന്റെയും ഭരണഘടന വിരുദ്ധ പ്രവണതകളുടെയും രേഖപ്പെടുത്തപ്പെട്ട ചരിത്രമുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നിരായുധനായ മഹാത്മാഗാന്ധിയെ വധിച്ചത് വിനായക് ദാമോദർ സവർക്കറുടെയും നാഥുറാം ഗോഡ്‌സെയുടെയും പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും നിലവിലെ സാഹചര്യത്തിൽ ഇത്തരം കൊലപാതകം ആവർത്തിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ഹരജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ അദ്ദേഹത്തിന്റെ സമ്മതമില്ലാതെയാണ് ഈ വിഷയം ഉന്നയിച്ചതെന്നും ഇന്ന് കോടതിയിൽ ഹരജി പിൻവലിക്കുമെന്നും കോൺഗ്രസ് അറിയിച്ചു. ‘രാഹുൽ ഗാന്ധിക്ക് ഇതിൽ ശക്തമായ എതിർപ്പുണ്ട്, വ്യാഴാഴ്ച അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ഈ പ്രസ്താവന പിൻവലിക്കും’ -പവൻ ഖേര വ്യക്തമാക്കി. കക്ഷിയുടെ നിർദേശം ലഭിക്കാതെയാണ് താൻ കോടതിയിൽ ഹരജി ഫയൽ ചെയ്തതെന്ന് അഭിഭാഷകൻ നൽകിയ പത്രക്കുറിപ്പും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.