ലണ്ടൻ: ബി.ജെ.പിക്കും കേന്ദ്രസർക്കാറിനുമെതിരെ കൂടുതൽ വിമർശനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിലെ ഭരണകക്ഷി വെറുപ്പിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്നും അവരുടെ സിദ്ധാന്തങ്ങളുടെ സത്ത ഭീരുത്വമാണെന്നും ‘ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്’ (ഐ.ഒ.സി) യു.കെ ചാപ്റ്റർ ലണ്ടനിൽ നടത്തിയ പരിപാടിയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.
ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള സംവേദനം ലക്ഷ്യമിട്ടുള്ള പരിപാടിയിൽ, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ ചൈന പരാമർശവും രാഹുൽ ഉയർത്തി. ‘വിദേശകാര്യമന്ത്രി പറയുന്നത് ചൈന ഇന്ത്യയെക്കാൾ കരുത്തരാണ് എന്നാണ്. ഈ ധാരണയുമായി എങ്ങനെയാണ് അവരുമായി ഏറ്റുമുട്ടുക. ബി.ജെ.പിയുടെ ഉള്ളിലെപ്പോഴും ഭയമാണ് എന്നതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈനയെ പ്രശംസിച്ച് ഇന്ത്യയെ അവഹേളിക്കുകയാണ് ബി.ജെ.പി. ഒരിക്കൽ താനും സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്‍ലിമിനെ മർദിച്ച കാര്യം സവർക്കർ എഴുതിയിട്ടുണ്ട്. അന്ന് വളരെ സന്തോഷം തോന്നിയെന്നാണ് സവർക്കർ എഴുതിയത്. ഒരാളെ മർദിച്ച് സന്തോഷം തോന്നുന്നുവെങ്കിൽ അത് ഭീരുത്വമല്ലാതെ എന്താണ്?.’ -രാഹുൽ തുടർന്നു.
രാഹുൽ രാജ്യത്തെ വഞ്ചിക്കരുതെന്ന് പ്രസംഗത്തോട് പ്രതികരിക്കവെ കേന്ദ്രമന്ത്രി അനുരാഗ് ഠാകുർ പറഞ്ഞു. ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്താൻ കിട്ടുന്ന ഒരവസരവും രാഹുൽ ഗാന്ധി പാഴാക്കാറില്ല. അദ്ദേഹത്തിന്റെ ഭാഷയും ചിന്തയും പ്രവർത്തനവുമെല്ലാം സംശയാസ്പദമാണ്. ഈരീതി രാഹുൽ ആവർത്തിക്കുകയാണ് -മന്ത്രി തുടർന്നു. ബി.ജെ.പി ഐ.ടി വിഭാഗം തലവൻ അമിത് മാളവ്യയും രാഹുൽ വിമർശനവുമായി രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.