ലണ്ടൻ/ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യം വലിയ പ്രതിസന്ധി നേരിടുകയാണെന്നും മാധ്യമങ്ങളും കോടതിയുമെല്ലാം സർക്കാർ നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നുമുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കേംബ്രിജ് പ്രസംഗം ബി.ജെ.പി വിവാദമാക്കി. കേംബ്രിജ് സർവകലാശാലയിൽ ‘21ാം നൂറ്റാണ്ടിൽ കേൾക്കാൻ പഠിക്കുക’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് രാഹുൽ കേന്ദ്ര സർക്കാറിെന പ്രതിക്കൂട്ടിൽ നിർത്തിയത്. കഴിഞ്ഞ ദിവസം രാഹുൽ നടത്തിയ പ്രസംഗത്തിൽ നിന്ന്:
ഞാനുൾപ്പെടെയുള്ള നിരവധി നേതാക്കൾ നിരന്തരം നിരീക്ഷണത്തിലാണ്. മാധ്യമങ്ങളെയും കോടതിയെയും പിടിച്ചെടുക്കുകയും ഭയപ്പെടുത്തുകയുമാണ് സർക്കാർ. എന്റെ ഫോണിൽ ‘പെഗസസ്’ ഉണ്ടായിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളുടെ ഫോണുകളിലും ‘പെഗസസ്’ ഉണ്ടായിരുന്നു. ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ‘പെഗസസ്’ വഴി തനിക്കുള്ള ഫോൺവിളികൾ ചോർത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. മാധ്യമങ്ങൾക്കും ജനാധിപത്യ രൂപകൽപനക്കും നേരെ ഇത്തരത്തിൽ ആക്രമണം നടക്കുമ്പോൾ പ്രതിപക്ഷമെന്ന നിലക്ക് ജനങ്ങളുമായി ആശയവിനിമയം നടത്താൻ ഇന്ത്യയിൽ ഏറെ പ്രയാസം നേരിടുകയാണ്.
എന്റെ കാഴ്ചപ്പാടിൽ ഇന്ത്യയുടെ രൂപകൽപനയാണ് നരേന്ദ്ര മോദി നശിപ്പിക്കുന്നത്. ഇന്ത്യക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ആശയം അടിച്ചേൽപിക്കുകയാണ് മോദി. സിഖുകാരും മുസ്‍ലിംകളും ക്രിസ്ത്യാനികളും വ്യത്യസ്ത ഭാഷകളും ആണ് ഇന്ത്യ. എന്നാൽ, അവർ രണ്ടാം തരം പൗരരാണ് എന്ന് മോദി പറയുന്നു. മോദിയോട് യോജിക്കാനാവില്ല.ഏതാനും ആളുകളുടെ കൈകളിൽ ഇന്ത്യയുടെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുകയാണ്.
കശ്മീരിലൂടെ കാൽനടയായി പോകരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞു. എന്തുകൊണ്ട് പറ്റില്ലെന്ന് ചോദിച്ചപ്പോൾ അവർ താങ്കൾക്കുനേരെ ഗ്രനേഡുകളെറിയുമെന്നായിരുന്നു ഉത്തരം. ഗ്രനേഡുകളെറിയുമെങ്കിൽ ആകട്ടെ. കശ്മീരിലൂടെ ഞങ്ങൾക്ക് നടക്കണമായിരുന്നു. ഇന്ത്യൻ പതാകകളേന്തി ജനങ്ങൾ കൂടെ വരുന്നതാണ് കണ്ടത്. 2000 പേരെ പ്രതീക്ഷിച്ച സ്ഥലത്ത് 40,000ഓളം പേരാണ് എത്തിയത്. കൊല്ലപ്പെടുമെന്ന് പറഞ്ഞപ്പോഴും ഞങ്ങൾ നടന്നു. ഭാരത് ജോഡോ യാത്ര കണ്ടുനിൽക്കുന്ന ഭീകരരെ കശ്മീരി കാണിച്ചു തന്നു. പക്ഷേ, ആ അന്തരീക്ഷത്തിൽ അവർക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്ന് രാഹുൽ പറഞ്ഞു.
ന്യൂഡൽഹി: വിദേശമണ്ണിൽ പോയി അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച് ഇന്ത്യയെ അവഹേളിക്കുന്നത് രാഹുൽ ഗാന്ധിയുടെ പതിവാണെന്നും കളവുപറയൽ രാഹുലിന്റെ ശീലമാണെന്നും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ കുറ്റപ്പെടുത്തി. കോൺഗ്രസ് പാർട്ടിയുടെ അജണ്ടയുടെ നേർക്കാണ് ഈ ശീലം ചോദ്യങ്ങളുയർത്തുന്നത്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിയെ വീണ്ടും തൂത്തുവാരിയതിലുള്ള അസ്വസ്ഥതയാണ് പ്രസ്താവനക്കുപിന്നിൽ. പെഗസസ് അദ്ദേഹത്തിന്റെ മനസ്സിലാണ്. മറ്റെവിടെയുമല്ല. രാഹുലിന്റെ ഫോണിൽ ഒളിപ്പിക്കാനുള്ളതെന്താണ്. രാഹുലും മറ്റു നേതാക്കളും അവരുടെ ഫോണുകൾ സുപ്രീംകോടതി നിയോഗിച്ച സമിതിക്കുമുമ്പാകെ സമർപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. നാഷനൽ ഹെറാൾഡ് അഴിമതിക്കേസിൽ ജാമ്യത്തിലാണ് രാഹുലെന്നും ഠാക്കൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.