രാഹുൽ ഗാന്ധി ഇന്ന് ഇ.ഡിക്കു മുന്നിൽ ഹാജരാകും; മുതിർന്ന നേതാക്കളും എം.പിമാരും അനുഗമിക്കും

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്പാകെ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും എം.പിമാരും പോഷക സംഘടന നേതാക്കളും എ.ഐ.സി.സി ആസ്ഥാനത്തുനിന്നും ഇ.ഡി ഓഫിസിലേക്ക് പ്രതിഷേധവുമായി രാഹുൽ ഗാന്ധിയെ അനുഗമിക്കും. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇ.ഡി ഓഫിസിനു മുന്നിൽ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ കോഴിക്കോടും എറണാകുളത്തും ഇ.ഡി ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധം നടക്കും. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന പ്രതികാര രാഷ്ട്രീയത്തെ ശക്തമായി ചെറുക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. 2015ൽ ബി.ജെ.പി നേതൃത്വം കൊടുത്ത കേന്ദ്ര സർക്കാർ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തി അവസാനിപ്പിച്ച നാഷനൽ ഹെറാൾഡ് കേസ് കോൺഗ്രസ് നേതൃത്വത്തെ വേട്ടയാടാൻ വേണ്ടിയാണ് വീണ്ടും അന്വേഷിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് ജൂൺ രണ്ടിനും സോണിയ ഗാന്ധിക്ക് ജൂൺ 13നും ഹാജരാവാൻ ആവശ്യപ്പെട്ടായിരുന്നു ഇ.ഡി നോട്ടീസ് അയച്ചിരുന്നത്. രാഹുൽ വിദേശത്തായതിനാൽ ജൂൺ 13ലേക്കും കോവിഡ് ബാധിച്ചതിനാൽ സോണിയക്ക് ജൂൺ 23ലേക്കും സമയം നീട്ടിനൽകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഗാർഖെ, പവൻ ബൻസാൽ എന്നിവരെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

പാർട്ടി മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡില്‍നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതാണ് കേസിനാധാരമായ സംഭവം. നാഷനല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍, 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്‍റെ സ്വത്തുക്കള്‍ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണം.

Tags:    
News Summary - Rahul Gandhi will appear before the ED today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.