ന്യൂഡൽഹി: മുസ്‌ലിംകൾക്ക് എതിരായ അനീതികളെ വിശാലമായ "ന്യൂനപക്ഷ" വിഷയമായി മാത്രം പരാമർശിക്കുന്നതിനുപകരം 'മുസ്‌ലിം പ്രശ്‌നങ്ങൾ' എന്ന് തന്നെ അഭിസംബോധന ചെയ്യണമെന്ന് രാഹുൽ ഗാന്ധി. മുസ്‌ലിംകൾക്കെതിരെ അനീതി നടക്കുമ്പോൾ പാർട്ടി നേതാക്കൾ അതിനെതിരെ സംസാരിക്കണം. ഒരു മുസ്‌ലിമിനെതിരെ അനീതി നടന്നാൽ, മുസ്‌ലിംകൾക്കാണ് അത് സംഭവിച്ചതെന്ന് നേതാക്കൾ വ്യക്തമായി പറയണമെന്നും അദ്ദേഹം നിർദേശിച്ചു.
മുസ്‌ലിംകൾക്കെതിരെ അനീതി നടക്കുമ്പോൾ പാർട്ടി നേതാക്കൾ ശബ്ദമുയർത്തണം.പാർട്ടിക്കുള്ളിൽ മുസ്‌ലിം നേതാക്കൾ തങ്ങളുടെ സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ കൂടുതൽ ശക്തമായി ഉന്നയിക്കണമെന്നും, പാർട്ടിയിൽ കൂടുതൽ മുസ്‌ലിം പ്രാതിനിധ്യത്തിനായി സമ്മർദം ചെലുത്തണമെന്നും രാഹുൽ പറഞ്ഞു. ന്യൂനപക്ഷ കോൺഗ്രസിന്റെ അഡൈ്വസറി കൗൺസിൽ യോഗത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. മുസ്‌ലിംകളുമായി ബന്ധപ്പെട്ട പ്രത്യേക പ്രശ്‌നങ്ങളിൽ പാർട്ടി നേതൃത്വം പുലർത്തുന്ന മൗനത്തിൽ കോൺഗ്രസിലെ മുസ്‌ലിം നേതാക്കൾക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തിക്കിടയിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പിന്തുണച്ചു. മുസ്‌ലിം എന്ന വാക്ക് ഉപയോഗിക്കുന്നതിൽ യാതൊരു മടിയും കാണിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.''എന്തുകൊണ്ട്? മുസ്‌ലിം എന്നത് ഒരു അധിക്ഷേപമാണോ? ഞാൻ ഒരു മുസ്‌ലിം ആണ്, അതിൽ ഞാൻ അഭിമാനിക്കുന്നു. പക്ഷേ ഒരു ഹിന്ദുവിന് വേണ്ടി ഞാൻ എന്റെ ജീവൻ നൽകും. ഇതാണ് ഹിന്ദുസ്ഥാൻ'' - മസൂദ് പറഞ്ഞു.സമീപകാലത്ത് രാഹുൽ ഗാന്ധി തന്റെ പ്രസംഗങ്ങളിലും പൊതു ഇടപെടലുകളിലും മുസ്‌ലിംകളെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെ, പ്രശ്‌നങ്ങളെ ന്യൂനപക്ഷങ്ങൾ, ഒബിസികൾ, ദലിതർ, പാവപ്പെട്ടവർ തുടങ്ങിയ വിശാലമായ വിഭാഗങ്ങളിലൂടെയാണ് പലപ്പോഴും അവതരിപ്പിക്കുന്നതെന്ന് പല നേതാക്കളും നിരാശ പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.മേയ് 16-ന് ബംഗളൂരുവിൽ ഫെഡറേഷൻ ഓഫ് കർണാടക മുസ്‌ലിം ഓർഗനൈസേഷൻസ് സംഘടിപ്പിച്ച കൺവെൻഷനിലും ഈ ആശങ്കകൾ പ്രതിഫലിച്ചിരുന്നു.
കർണാടകയിലെ കോൺഗ്രസ് സർക്കാർ 'മൃദു ഹിന്ദുത്വ' നിലപാട് സ്വീകരിക്കുന്നുവെന്നും 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കൺവെൻഷനിൽ പങ്കെടുത്ത സംഘടനകൾ കുറ്റപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.മുസ്‌ലിം പ്രശ്‌നങ്ങൾ ഏറ്റെടുക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെ ബി.ജെ.പി രംഗത്തെത്തി. കോൺഗ്രസ് കൂടുതൽ കൂടുതൽ ഒരു 'മുസ്‌ലിം കോൺഗ്രസ്' ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ എൻ. രാമചന്ദർ റാവു കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.