'ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അധ്യക്ഷനാകില്ലെന്ന് രാഹുൽ പറഞ്ഞു'; അശോക് ഗെഹ്ലോട്ട്

ന്യൂഡൽഹി: ഗാന്ധി കുടുംബത്തിൽ നിന്ന് ആരുംതന്നെ പാർട്ടി അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി രാജ്സ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കേരളത്തിലുള്ള രാഹുൽ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും വ്യാഴാഴ്ച രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മടങ്ങി വരണമെന്ന പ്രവർത്തകരുടെ ആവശ്യം അദ്ദേഹവുമായി സംസാരിച്ചതായി ഗെഹ്ലോട്ട് പറഞ്ഞു. എന്നാൽ ഗാന്ധി കുടുംബത്തിൽ നിന്ന് ആരും തന്നെ പാർട്ടി അധ്യക്ഷനാകില്ലെന്നാണ് രാഹുൽ തന്ന മറുപടി.

താൻ അധ്യക്ഷനാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നറിയാം. അവരുടെ ആവശ്യത്തെ താൻ ബഹുമാനിക്കുന്നുവെന്നും എന്നാൽ ചില പ്രത്യേക കാരണത്താൽ ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്ത് നിന്നൊരാൾ അധ്യക്ഷനാകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

20 വർഷങ്ങൾക്ക് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുമ്പോൾ തനിക്കായിരിക്കും കൂടുതൽ സാധ്യതയെന്നാണ് ഗെഹ്ലോട്ട് വിശ്വസിക്കുന്നത്. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ ഗെഹ്ലോട്ട് വിമുഖത കാണിച്ചത് അദ്ദേഹത്തിന്‍റെ സാധ്യത കുറച്ചിട്ടുണ്ട്. രണ്ട് സ്ഥാനങ്ങളും വഹിക്കാൻ തയാറാണെന്ന് ഗെഹ്ലോട്ട് അവകാശപ്പെട്ടെങ്കിലും രാഹുൽ ഗാന്ധി ഇത് തള്ളികളഞ്ഞു.

തിങ്കളാഴ്ച ഗെഹ്ലോട്ട് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് ആദ്യം അറിയിച്ചത് ശശി തരൂരാണ്. അദ്ദേഹം സോണിയ ഗാന്ധയിൽ നിന്നും ആദ്യം തന്നെ അനുമതി വാങ്ങുകയും ചെയ്തു. മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ കമൽനാഥ്, ദിഗ് വിജയ് സിങ് എന്നിവരും മത്സരിക്കാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 30 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. ഒക്ടോബർ 17ന് തെരഞ്ഞടുപ്പ് നടക്കുകയും രണ്ട് ദിവസത്തിന് ശേഷം ഫലം അറിയിക്കുകയും ചെയ്യും.

Tags:    
News Summary - "Rahul Gandhi Told Me": Ashok Gehlot's Latest On Congress Chief Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.