‘ഇതാ ഒരു ചതിയൻ നടന്നു വരുന്നു...’ -കോൺഗ്രസ് എം.പിമാരെ പരിഹസിച്ച ബിട്ടുവിനെ ചൂണ്ടി രാഹുൽ ഗാന്ധി; പാർലമെന്റ് കവാടത്തിൽ വാക് പോര്

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറി​ന്റെയും, മുൻ കരസേനാ മേധാവി ജനറൽ നരവനയുടെ പുസ്തകത്തി​ന്റെയും പേരിൽ പാർലമെന്റിൽ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോർക്കുന്നതിനിടെ സഭാ കവാടത്തിൽ വാക് പോരുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര സഹമന്ത്രി രവനീത് ഭിട്ടുവും തമ്മിൽ വാക് പോര്.

ബുധനാഴ്ച പാർലമെന്റ് സെഷൻ തുടങ്ങുന്നതിന് മുമ്പായിരുന്നു കവാടത്തിലെ നാടകീയ രംഗങ്ങൾ. കഴിഞ്ഞ ദിവസം പാർലമെന്റിലെ സംഭവ വികാസങ്ങളുടെ പേരിൽ സ്പീക്കർ സസ്​പെൻഡ് ചെയ്ത ഹൈബി ഈഡൻ, ഡീൻ കുര്യാകോസ് ഉൾപ്പെടെ എട്ട് എം.പിമാർ സഭാ കവാടത്തിൽ പ്രതിഷേധ ധർണ നടത്തുന്ന സ്ഥലത്ത് എത്തിയതായിരുന്നു രാഹുൽ.

അവരെ അഭിവാദ്യം ചെയ്ത് നിൽക്കുന്നതിനിടെയാണ് കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു നടന്നു വന്നത്. ഹസ്തദാനത്തിനായി രാഹുൽ കൈ നീട്ടിയപ്പോൾ നിരസിച്ച ബിട്ടു, രാജ്യത്തിന്റെ ശത്രുക്കൾ എന്ന് വിളിച്ചാണ് തുടങ്ങിയത്. ധർണ നടത്തിയ എം.പിമാരെ നോക്കി ‘യുദ്ധം ജയിച്ചവരെ പോലെ ഇരിക്കുന്നു’ എന്നും പറഞ്ഞു.

ഇതോടെയാണ് അവർക്കിടയിൽ നിന്ന രാഹുൽ ഗാന്ധി രൂക്ഷമായി പ്രതികരിച്ചത്. ‘ഇതാ ഒരു ചതിയൻ നടന്നു വരുന്നു. അ​യാളുടെ മുഖത്തേക്ക് നോക്കൂ...’ എന്ന് പറഞ്ഞു വിരൽ ചൂണ്ടി. മറ്റു കോൺഗ്രസ് എം.പിമാരും ബിട്ടുവിനു നേരെ വിരൽ ചൂണ്ടി പ്രതിഷേധം അറിയിച്ചു.

കോൺഗ്രസ് നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ബിയാന്ത് സിങ്ങിന്റെ ചെറുമകനായ രവ്നീത് ബിട്ടു, ലോക്സഭയിലും രാജ്യസഭയിലും കോൺഗ്രസ് പ്രതിനിധിയായിരുന്നു. 2021ൽ കോ​ൺഗ്രസ് സഭാ കക്ഷി നേതാവുമായി. 2024ൽ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിൽ ചേർന്ന് രാജ്യസഭാംഗമാവുകയും കേന്ദ്ര മന്ത്രിസഭയിൽ ഇടം നേടുകയുമായിരുന്നു.

Tags:    
News Summary - Rahul Gandhi-Ravneet Bittu spar outside parliament, exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.