സഭാകവാടത്തിൽ പ്രതിപക്ഷ എം.പിമാരുടെ ധർണക്കിടെ പ്രകോപനവുമായെത്തിയ കേന്ദ്ര സഹമന്ത്രി രവനീത് ബിട്ടുവുമായി സംസാരിക്കുന്ന രാഹുൽ ഗാന്ധി

കോൺഗ്രസ് എം.പിമാരെ പരിഹസിച്ച ബിട്ടുവിന്റെ വായടപ്പിച്ച് രാഹുൽ

ന്യൂഡൽഹി: ലോക്സഭയിലെ പ്രതിഷേധത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങി എട്ട് എം.പിമാർ സഭാകവാടത്തിൽ നടത്തുന്ന ധർണക്കിടെ പ്രകോപനവുമായെത്തിയ കേന്ദ്ര ഭക്ഷ്യ സംസ്കരണ, റെയിൽവേ സഹമന്ത്രി രവനീത് ബിട്ടുവുമായി കൊമ്പുകോർത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ബുധനാഴ്ച മുഖ്യകവാടത്തിൽ വെച്ചായിരുന്നു പഞ്ചാബിൽ നിന്നുള്ള മുൻ കോൺഗ്രസ് എം.പിബിട്ടുവും രാഹുലും കൊമ്പുകോർത്തത്. ധർണയിൽ രാഹുലും പങ്കുചേർന്ന സമയം പാർലമെന്റിലേക്ക് പ്രവേശിക്കാൻ എത്തിയ ബിട്ടു ധർണ നടത്തുന്ന എം.പിമാരെ നോക്കി ‘കാർഗിൽ യുദ്ധം ജയിച്ച് വന്നിരിക്കുകയാണല്ലേ’ എന്ന് പരിഹസിച്ച് പ്രകോപിപ്പിച്ചു. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് മറുകണ്ടം ചാടിയത് ഓർമിപ്പിച്ച് ഒരു വഞ്ചകൻ കടന്നുവരുന്നത് കണ്ടില്ലേ എന്ന് രാഹുൽ തിരിച്ചടിച്ചു. അദ്ദേഹം കോൺഗ്രസിലേക്കുതന്നെ തിരിച്ചുവരുമെന്നും പറഞ്ഞ് ബിട്ടുവിനുനേരെ ഹസ്തദാനത്തിന് കൈനീട്ടി. ഇതു സീകരിക്കാതെ താങ്കൾ രാജ്യത്തിന്റെ ശത്രുവാണെന്നുപറഞ്ഞ് അദ്ദേഹം സഭയിലേക്ക് കയറിപ്പോയി. സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാർ ‘സറണ്ടർ, സർണ്ടർ’ എന്നുപറഞ്ഞ് ബിട്ടുവിന് നേരെ കൈചൂണ്ടി പരിഹസിക്കുന്നുണ്ടായിരുന്നു.

അതേസമയം ഒരു രക്തസാക്ഷിയുടെ മകനായ തന്നെ വഞ്ചകൻ എന്ന് വിളിച്ചത് സിഖ് സമുദായത്തോടുള്ള അപമാനമാണെന്നും സിഖുകാരെ ശത്രുസ്ഥാനത്ത് കാണുന്ന, മുമ്പ് കൂട്ടക്കൊല നടത്തിയവരാണെന്നും ആരോപിച്ച് വിഷയം സാമുദായികവത്കരിക്കാൻ ബിട്ടു നീക്കം നടത്തി. ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ സിഖ് നേതാക്കൾ വാർത്തസമ്മേളനം നടത്തി. കോൺഗ്രസ് ആസ്ഥാനത്തേക്ക് ബി.ജെ.പി പ്രവർത്തകർ മാർച്ചും നടത്തി.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എം.പിയായിരുന്നു ബിട്ടു. അപ്രതീക്ഷിതമായിട്ടാണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ഇത്തവണ ലുധിയാനയിൽ നിന്നും ബി.ജെ.പിക്കുവേണ്ടി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. തുടർന്ന് രാജ്യസഭാംഗമായാണ് മന്ത്രിസഭയിലെത്തിയത്.

Tags:    
News Summary - Rahul Gandhi-Ravneet Bittu Spar Outside Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.