ആദിത്യ താക്കറെ
മുംബൈ: കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ ക്രമക്കേട് പുറത്തുവിടുമെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) എം.എൽ.എ ആദിത്യ താക്കറെ. ‘സർജിക്കൽ സ്ട്രൈക്കി’ന്റെ സമയം ഇപ്പോൾ പറയാനാകില്ലെന്നും ആദിത്യ താക്കറെ ഇന്ത്യ ടുഡേ കോൺക്ലേവിൽ പറഞ്ഞു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ക്രമക്കേടുമായി ബന്ധപ്പെട്ട് ‘ഹൈഡ്രജൻ ബോംബ്’ പൊട്ടിക്കുമെന്ന പരാമർശം നടത്തിയത് വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് താക്കറെ സർജിക്കൽ സ്ട്രൈക്ക് പരാമർശവുമായി രംഗത്തെത്തിയത്.
“കഴിഞ്ഞ തെരഞ്ഞെടുപ്പിനിടെ വോട്ടർമാരുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർധന, വോട്ടർമാരുടെ എണ്ണം ചിലയിടങ്ങളിൽ കുറഞ്ഞത്, ബൂത്തുകളിലെ ക്രമക്കേട് എന്നിവയെല്ലാം ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് കമീഷന് കത്തുനൽകിയിട്ടുണ്ട്. വൈകാതെ ഞങ്ങൾ ഒരു വാർത്ത സമ്മേളനം നടത്തും” -ആദിത്യ താക്കറെ പറഞ്ഞു.
നേരത്തെ രാജ്യവ്യാപകമായി തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് കാണിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് ചോരി പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. ബിഹാറിൽ അനധികൃതമായി പതിനായിരക്കണക്കിന് പേരെ വോട്ടർപ്പട്ടികയിൽനിന്ന് നീക്കിയെന്നും കർണാടകയിലെ അലന്ദ് മണ്ഡലത്തിലും മഹാരാഷ്ട്രയിലും വ്യാപക ക്രമക്കേട് നടന്നെന്നും വ്യത്യസ്ത വാർത്ത സമ്മേളനങ്ങളിൽ തെളിവ് നിരത്തി രാഹുൽ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ ഇതെല്ലാം നിഷേധിച്ച് രംഗത്തെത്തിയെങ്കിലും ക്രമക്കേട് നടന്നെന്ന ആരോപണത്തിൽനിന്ന് പിന്മാറാൻ രാഹുലോ കോൺഗ്രസോ തയാറായിട്ടില്ല. വരും നാളുകളിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്നും ഹൈഡ്രജൻ ബോംബ് പൊട്ടുമെന്നും രാഹുൽ വ്യക്തമാക്കി.
വോട്ടുചോരിക്കെതിരായ പോരാട്ടം രാജ്യവ്യാപകമായി ശക്തിപ്പെടുത്താൻ വിശാല കോൺഗ്രസ് പ്രവർത്തക സമിതിയിൽ ധാരണയായിട്ടുണ്ട്. വോട്ടുചോരിയിൽ ഒരു മാസത്തിനുള്ളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്നും അത് ഹൈഡ്രജൻ ബോംബിലൊതുങ്ങില്ലെന്നും പ്ലൂട്ടോണിയം ബോംബ് കൂടിയുണ്ടാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഗസ്സ വിഷയത്തിൽ ഇന്ത്യയുടെ മൗനം ലജ്ജാകരമെന്നും വിദേശ നയം കളങ്കപ്പെട്ടെന്നും പ്രവർത്തക സമിതി കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യസമര ചരിത്ര സ്മാരകംകൂടിയായ പട്നയിലെ സദഖാത്ത് ആശ്രമത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ വോട്ടുചോരിയായിരുന്നു ചർച്ച. വോട്ടർ പട്ടിക പ്രത്യേക തീവ്രപരിശോധന (എസ്.ഐ.ആർ) അധികാരത്തിൽ തുടരാനുള്ള ബി.ജെ.പിയുടെ വൃത്തികെട്ട തന്ത്രമാണെന്ന് വിലയിരുത്തിയ കോൺഗ്രസ് പ്രവർത്തക സമിതി ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടി പോരാടാൻ ആഹ്വാനം ചെയ്തു. ഗസ്സയിലെ വംശഹത്യയിൽ കോൺഗ്രസ് പ്രവർത്തകസമതി ദുഃഖം രേഖപ്പെടുത്തി.
ജനാധിപത്യത്തിന്റെ അടിത്തറ നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പുകളാണ്. എന്നാൽ, കമീഷന്റെ നിഷ്പക്ഷതയെയും സുതാര്യതയെയും കുറിച്ച് ഇന്ന് ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നുവന്നിരിക്കുന്നു. ബിഹാറിലേതിന് സമാനമായി, ദശലക്ഷക്കണക്കിന് ആളുകളുടെ വോട്ടുകൾ വെട്ടിക്കുറക്കാൻ രാജ്യമെമ്പാടും ഒരു ഗൂഢാലോചന നടക്കുന്നുണ്ട്.
വോട്ട് മോഷണം എന്നാൽ ദലിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, ദുർബലർ, ദരിദ്രർ എന്നിവരുടെ റേഷൻ, പെൻഷൻ, മരുന്നുകൾ, കുട്ടികളുടെ സ്കോളർഷിപ്പുകൾ, പരീക്ഷ പേപ്പറുകൾ എന്നിവ മോഷ്ടിക്കുകയാണ്. 2025ലെ നിയമസഭ തെരഞ്ഞെടുപ്പ് ബിഹാറിന് മാത്രമല്ല, മുഴുവൻ രാജ്യത്തിനും ഒരു നാഴികക്കല്ലായി മാറുമെന്നും മോദി സർക്കാറിന്റെ അഴിമതി ഭരണത്തിന്റെ അവസാനത്തിന്റെ തുടക്കമാകുമെന്നും ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.