റഫാൽ വെളിപ്പെടുത്തലിൽ കുടുങ്ങി കോൺഗ്രസ്​

ന്യൂഡൽഹി: റഫാൽ യുദ്ധ വിമാനം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലിൽ കുടുങ്ങി കോൺഗ്രസ്​. വിഷയം പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കാനുള്ള അവസരമായി ഉപയോഗിച്ച്​ ബി.ജെ.പിയും. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാറിലെ ഇടനിലക്കാരന്‍ സുഷന്‍ ഗുപ്​തക്ക്​ റഫാല്‍ നിര്‍മാതാക്കളായ ദസോ ഏവിയേഷന്‍ 65 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇത്​ സംബന്ധിച്ച കൃത്യമായ വിവരം ഉണ്ടായിട്ടും അന്വേഷണ ഏജൻസികൾ മൗനം പാലിച്ചു എന്നുമുള്ള ഫ്രഞ്ച് വെബ്​ പോർട്ടലായ മീഡിയപാര്‍ട്ടിന്‍റെ വെളി​പ്പെടുത്തലാണ്​ പുതിയ വിവാദങ്ങൾ തിരികൊളുത്തിയിരിക്കുന്നത്​.

യു.പി.എ ഭരിച്ചിരുന്ന 2007-2012 കാലഘട്ടത്തിലാണ്​ സംഭവം അരങ്ങേറിയത്​. അഴിമതി നടന്നത്​ അന്നാണെന്നാണ്​ റിപ്പോർട്ടിൽനിന്ന്​ വെളിവാകുന്നത്​. പുതിയ വെളിപ്പെടുത്തൽ റഫാൽ അഴിമതിയിൽ ഭരണപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിന്​ വൻ തിരിച്ചടിയായിരിക്കുകയാണ്​. കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയാണ്​ റഫാൽ വിഷയത്തിൽ ബി.ജെ.പിക്കെതിരെ ശക്​തമായ ആരോപണങ്ങൾ തൊടുത്തുവിട്ടിരുന്നത്​. അതിനാൽ രാഹുൽ തന്നെ നിലവിലെ വെളിപ്പെടുത്തലുകൾക്ക്​ മറുപടി നൽകണമെന്നാണ്​ ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്​.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (ഐ.എന്‍.സി) എന്നാല്‍ 'ഐ നീഡ് കമ്മിഷന്‍' എന്നാണെന്ന് ബി.ജെ.പി വക്​താവ് സംബിത് പത്ര ആക്ഷേപിച്ചു. 'യു.പി.എ ഭരണകാലത്ത് എല്ലാ ഇടപാടുകള്‍ക്കിടയിലും അവര്‍ക്ക് മറ്റൊരു ഇടപാടും ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ക്കൊരു കരാറുണ്ടാക്കാനോ നടപ്പാക്കാനോ കഴിഞ്ഞില്ല എന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്തുകൊണ്ടാണ് റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നത് എന്നത് രാഹുല്‍ ഗാന്ധി തന്നെ പറയണം.

യു.പി.എ സര്‍ക്കാര്‍ ഭരണത്തിലിരുന്ന 2007-2012 കാലഘട്ടത്തിലാണ് ഇടപാട് നടന്നതെന്ന് തെളിഞ്ഞിരിക്കുന്നു. അതിലെ ഇടനിലക്കാരന്‍റെ പേരും പുറത്തുവന്നിട്ടുണ്ട്​ -സംബിത് പത്ര പറഞ്ഞു. അതേസമയം, മോദിയും അന്വേഷണ ഏജൻസികളായ സി.ബി.ഐയും എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റും ചേർന്നുള്ള ഗൂഡാലോചനയാണ്​ പുതിയ വെളിപ്പെടുത്തലെന്നാണ്​ കോൺഗ്രസ്​ പറയുന്നത്​. രാഹുൽ ഗാന്ധിയും പ്രിയങ്ക ാന്ധിയും ഇങ്ങനെയാണ്​ വിഷയത്തിൽ പ്രതികരിച്ചത്​. 

Tags:    
News Summary - Rahul Gandhi Must Answer: BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.