ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച ലോക്സഭയിൽ വരികയാണെങ്കിൽ കരസേന മുൻ മേധാവി ജനറൽ എം.എം. നരവനെയുടെ ഓർമക്കുറിപ്പിന്റെ പകർപ്പ് അദ്ദേഹത്തിന് നേരിട്ട് കൈമാറുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷവും സർക്കാറും തമ്മിലുള്ള തർക്കം രൂക്ഷമായതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചത്. ലഡാക്കിൽ ചൈനീസ് കടന്നുകയറ്റം നടക്കുമ്പോൾ, പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും മൗനം പാലിച്ചുവെന്നാണ് നരവനെയുടെ ഓർമക്കുറിപ്പിൽ വെളിപ്പെടുത്തുന്നത്.
തിങ്കളാഴ്ച രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള മറുപടിക്കിടെയാണ് ലോക്സഭയിൽ രാഹുൽ ഗാന്ധി നരവനെയുടെ ഓർമക്കുറിപ്പിലെ ഭാഗങ്ങൾ പരാമർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയിലേക്ക് വരാൻ ധൈര്യപ്പെടുമെന്ന് താൻ കരുതുന്നില്ലെന്ന് ഓർമക്കുറിപ്പിന്റെ പകർപ്പ് കൈവശം വെച്ചുകൊണ്ട് ബുധനാഴ്ച പാർലമെന്റ് സമുച്ചയത്തിലിരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു. കാരണം അദ്ദേഹം ഇവിടെ വന്നാൽ ഈ ഓർമപ്പുസ്തകത്തിന്റെ പകർപ്പ് നേരിട്ട് താൻ നൽകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അദ്ദേഹത്തിന് ആ പുസ്തകം വായിക്കാനും രാജ്യത്തിന് സത്യമറിയാനും അങ്ങനെ വഴിയൊരുങ്ങും.
ലഡാക്കിനെ കുറിച്ചുള്ള മുഴുവൻ വിവരണവും പുസ്തകത്തിലുണ്ടെന്നും രാജ്യത്തെ എല്ലാ യുവാക്കളും ഇത് വായിക്കണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ''ഇത് നരവനെയുടെ പുസ്തകമാണ്. ഈ പുസ്തകത്തിലെ വരികൾ ലോക്സഭയിൽ ഉദ്ധരിക്കാനാവില്ലെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. മുൻ കരസേനാ മേധാവി ജനറൽ നരവാനെ രാജ്‌നാഥ് സിങ്ങിനെ വിളിച്ച് ചൈനീസ് ടാങ്കുകൾ കൈലാസ പർവതനിരയിൽ എത്തിയിട്ടുണ്ടെന്നും നമ്മൾ എന്തുചെയ്യണമെന്നും ചോദിച്ചപ്പോൾ ആദ്യം രാജ്‌നാഥ് സിങ് മറുപടിയൊന്നും നൽകിയില്ല. പിന്നീട് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറോടും നരവനെ ഇക്കാര്യം സൂചിപ്പിച്ചു. അപ്പോഴും മറുപടി ലഭിച്ചില്ല. കുറച്ചുകഴിഞ്ഞ് ഉന്നതരെ അറിയിക്കാമെന്ന് രാജ്നാഥ് സിങ് മറുപടി നൽകി. ചൈനീസ് സൈന്യം എത്തിയാൽ അനുവാദമില്ലാതെ അവർക്കെതിരെ വെടിവെക്കരുതെന്നാണ് ഉന്നതതലത്തിൽ നിന്ന് ലഭിച്ച സ്റ്റാന്റിങ് ഓർഡർ. നരവനെയും നമ്മുടെ സൈനികരും ആ ടാങ്കുകൾക്ക് നേരെ വെടിവെക്കാൻ ആഗ്രഹിച്ചത് അവ നമ്മുടെ പ്രദേശത്ത് അനധികൃതമായി പ്രവേശിച്ചതിനാലാണ്.
എന്നാൽ മോദി തന്റെ ഉത്തരവാദിത്തം നിറവേറ്റിയില്ല. ഇഷ്ടമുള്ളതുപോലെ ചെയ്തോളൂ എന്നാണ് അദ്ദേഹം കരസേനാ മേധാവിയോട് പറഞ്ഞത്. ഇതെ കുറിച്ച് ''താൻ ശരിക്കും ഒറ്റപ്പെട്ടുപോയെന്ന് തോന്നി. മുഴുവൻ സംവിധാനവും എന്നെ ഉപേക്ഷിച്ചു''-എന്നാണ് ഇതെകുറിച്ച് നരവനെ തന്റെ ഓർമക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
നരവനെയുടെ ഓർമക്കുറിപ്പിലെ വാചകങ്ങൾ സഭയിൽ ഉദ്ധരിച്ചപ്പോൾ അത് പ്രസിദ്ധീകരിച്ചതാണോ എന്ന് ചോദിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് ആദ്യം രാഹുലിനെതിരെ രംഗത്തുവന്നത്. ദി കാരവൻ മാസികയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പ്രസിദ്ധീകരിച്ച ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി ദേശീയ സുരക്ഷയെ കുറിച്ച് സഭയുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചത്. എന്നാൽ രാഹുലിന് തുടർന്ന് സംസാരിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല. തുടർന്ന് പ്രതിഷേധ സൂചകമായി പ്രതിപക്ഷ എം.പിമാർ സ്പീക്കറുടെ ചെയറിനടുത്തേക്ക് പേപ്പറുകൾ എറിഞ്ഞു. പിന്നാലെ എട്ട് പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. അമരീന്ദർ സിങ് രാജ വാറിങ്, ഗുർജീത് സിങ് ഔജ്‌ല, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, പ്രശാന്ത് പഡോൾ, കിരൺ കുമാർ റെഡ്ഡി, മാണിക്കം ടാഗോർ, എസ്. വെങ്കിടേശൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.