കാറ്റാടിയന്ത്രംകൊണ്ട് ശുദ്ധജലമുണ്ടാക്കാമെന്ന് മോദി, പരിഹസിച്ച് രാഹുല്‍; പപ്പുവിന് മനസിലാകാഞ്ഞിട്ടെന്ന് ബി.ജെ.പിയും

ന്യൂഡൽഹി: കാറ്റാടിയന്ത്രം ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈർപ്പം ശുദ്ധജലമാക്കി മാറ്റാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പറഞ്ഞത് പപ്പുവിന് മനസിലാകാഞ്ഞിട്ടാണെന്ന വിമർശനവുമായി ഇതിനെതിരെ ബി.ജെ.പി നേതാക്കളും രംഗത്തെത്തി.

കാറ്റിൽനിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന ഡാനിഷ് കമ്പനിയായ വെസ്താസിന്റെ മേധാവി ഹെന്റിക് ആൻഡേഴ്സണുമായുള്ള വെർച്വൽ ചർച്ചയിൽ മോദി നടത്തിയ പരാമർശങ്ങളെയാണ് രാഹുൽ ഗാന്ധി പരിഹാസിച്ചത്. കാറ്റാടി യന്ത്രം ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈർപ്പം ശുദ്ധജലമാക്കി മാറ്റാമെന്നും ഓക്സിജൻ വേർതിരിക്കാമെന്നുമാണ് മോദി ചർച്ചയിൽ ചൂണ്ടിക്കാണിച്ചത്.

ഇതിൻ്റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ച രാഹുൽ ഇങ്ങനെ കുറിച്ചു - 'പ്രധാനമന്ത്രിക്ക് ഇതേക്കുറിച്ചൊന്നും ധാരണയില്ലാത്തതല്ല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അപകടം. ഇക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ കൂടെ നിൽക്കുന്നവർക്ക് ചങ്കൂറ്റമില്ലാത്തതാണ്'.

എന്നാൽ തന്നെപ്പോലെ എല്ലാവരും പപ്പുവാണെന്നാണ് രാഹുൽ വിചാരിക്കുന്നതെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി.

വിൻഡ് ടർബൈൻ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഓക്സിജനെ വേർതിരിച്ചെടുക്കാൻ സാധിച്ചാൽ ഊർജം, ജലം, ഓക്സിജൻ എന്നിവ ഒരേ ടർബൈനിൽ നിന്ന് ലഭ്യമാകുമെന്നും വെസ്താസിലെ ശാസ്ത്രജ്ഞർക്ക് ഈ രീതിയിൽ ഗവേഷണം നടത്താനാകുമോയെന്നുമാണ് മോദി ചോദിച്ചത്. തങ്ങളുടെ ഗവേഷകർക്കും ഡെവലപ്പർമാർക്കും താങ്കൾ മികച്ചൊരു ആശയം നൽകിയെന്നായിരുന്നു ആൻഡേഴ്സണിൻ്റെ പ്രതികരണം.

എന്നാൽ, രാഹുലിന്റെ പരിഹാസത്തെ വിമർശിച്ച് മന്ത്രിമാരായ സ്മൃതി ഇറാനി, പീയുഷ് ഗോയൽ, കിരൺ റിജിജു എന്നിവർ രംഗത്തെത്തി. രാഹുൽഗാന്ധി അറിവില്ലാത്തയാളും കാര്യങ്ങൾ മനസിലാക്കാത്തയാളുമാണെന്ന് സ്മൃതി പ്രതികരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ചിലർ അജ്ഞത നിലനിർത്താൻ ബോധപൂർവമായി ശ്രമിക്കുന്നതാണ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണിയെന്നും യുവരാജിനോട് അത് നേരിട്ട് പറയാൻ ആരും തയ്യാറാകുന്നില്ലെന്നും അവർ പരിഹസിച്ചു.

പ്രധാനമന്ത്രി എന്താണ് പറഞ്ഞതെന്ന് രാഹുൽ ഗാന്ധിക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിവുള്ള ആരും കൂടെയില്ലെന്നാണ് പിയൂഷ് ഗോയൽ പറഞ്ഞത്. കാറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ച് വായുവും വെള്ളവും ഉൽപാദിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.

ലോകത്തുള്ള എല്ലാവരും പപ്പുവാണെന്നാണ് രാഹുൽ ചിന്തിക്കുന്നതെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പ്രതികരിച്ചു. ഊർജ്ജോൽപാദക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രചോദനം നൽകുന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ആഴത്തിലുള്ള ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേ സമയം, മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ രംഗത്തെത്തി. 'നമ്മുടെ ജല- ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കാറ്റാടി യന്ത്രത്തിൽ നിന്ന് എങ്ങിനെ ജലവും ഓക്സിജനും ഉൽപാദിപ്പിക്കാമെന്ന് വിവരിക്കുകയാണ് നമ്മുടെ മുഖ്യ ശാസ്ത്രജ്ഞൻ. ശരിക്കും നൊബേൽ സമ്മാനത്തിന് അർഹമാണിത്' - മോദിയുടെ വിഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.