രാഘവ് ഛദ്ദ പാർലമെന്റിൽ
ഇന്ത്യയിൽ ഫ്രൂട്ട് ജ്യൂസുളുകൾ എന്ന പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന ബ്രാൻഡിങും പരസ്യവും പ്രചരിക്കുന്നത് സംബന്ധിച്ച് ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദ പ്രതികരിച്ചു. പാർലമെന്റിൽ സംസാരിക്കവെയാണ് ഫ്രൂട്ട് ജ്യൂസ് എന്ന പേരിൽ വിൽപ്പന നടത്തുന്ന പല ഉൽപന്നങ്ങളും യഥാർഥത്തിൽ പഞ്ചസാര സിറപ്പുകൾ ആണെന്ന് ഛദ്ദ പറഞ്ഞത്.
ഉപഭോക്താക്കളിൽ ഭൂരിഭാഗവും യുവാക്കളാണെന്നും, ഇവർ പോഷകഗുണമുള്ള യഥാർഥ പാനീയമാണെന്നു കരുതി വാങ്ങി കുടിക്കുന്നത് വാസ്തവത്തിൽ വെറും പഞ്ചസാര സിറപ്പുകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 'നമ്മൾ ഫ്രൂട്ട് ജ്യൂസ് വാങ്ങുമ്പോൾ പുറമെ നല്ല ചിത്രങ്ങൾ ഒക്കെ ഉണ്ടാകും. പക്ഷേ പാക്കേജിങിന്റെ പിന്നിൽ ആ ചിത്രം മാർക്കറ്റിങ് ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് പറയുന്നുണ്ട്' തെറ്റിദ്ധരിപ്പിക്കുന്ന ഇമേജുകൾ ചൂണ്ടിക്കാട്ടി ചദ്ദ കുറിച്ചു.
അത്തരം പാനീയങ്ങൾ കഴിക്കുന്നതിന്റെ ഫലങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്കകൾ ഉന്നയിച്ചു. അവ പ്രമേഹം, പൊണ്ണത്തടി, ജീവിതശൈലി രോഗങ്ങൾ എന്നിവക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. 'നിങ്ങളിലൂടെ ബഹുമാനപ്പെട്ട മന്ത്രിയോടാണ് എനിക്ക് ചോദിക്കാനുള്ളത്. കമ്പനികൾ ഇത്തരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാനും അങ്ങനെ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിക്കുന്നതിനും സർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്?' ചദ്ദ ചോദിച്ചു.
ഉയർന്ന പഞ്ചസാര അടങ്ങിയ ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ പാക്കറ്റിന്റെ മുൻവശത്ത് വക്കുന്നത് ഉറപ്പാക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം സർക്കാരിനോട് ചോദിച്ചു. ഉൽപ്പന്ന വിഭാഗത്തിൽ വ്യക്തത കൊണ്ടുവന്ന് യഥാർത്ഥ ഫ്രഷ് ജ്യൂസുകൾക്കും, പഞ്ചസാര, കോൺസെൻട്രേറ്റഡ് പാനീയങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന പാനീയങ്ങൾക്കും ഇടയിൽ ഉൽപ്പന്നങ്ങളെ തരംതിരിക്കണമെന്നും ചദ്ദ ആവശ്യപ്പെട്ടു.
'നിങ്ങൾക്ക് തോന്നുന്നുണ്ടോ നിങ്ങൾ കുടിക്കുന്നത് യഥാർഥ ഫ്രൂട്ട് ജ്യൂസ് ആണെന്ന്? ഒന്നുകൂടി ആലോചിച്ചു നോക്കൂ. വലിയ ഭക്ഷ്യ ബ്രാൻഡുകൾ മുൻവശത്ത് തിളങ്ങുന്ന ഫ്രഷ് ഫ്രൂട്ട് ചിത്രങ്ങളിലൂടെ പഞ്ചസാര വെള്ളമാണ് വിൽക്കുന്നത്' പാർലമെന്റിൽ സംസാരിച്ചതിന് ശേഷം ചദ്ദ എക്‌സിൽ കുറിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ബ്രാൻഡിങ് ദശലക്ഷക്കണക്കിന് ആളുകളെ, പ്രത്യേകിച്ച് കുട്ടികളെ പ്രമേഹത്തിലേക്കും ജീവിതശൈലി രോഗങ്ങളിലേക്കും തള്ളിവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ബ്രാൻഡിങും പരസ്യങ്ങളും തെറ്റുദ്ധരിപ്പിക്കുന്നതല്ലെന്ന് ഉറപ്പാക്കുന്നതിനും നിർണായക നടപടികൾ സ്വീകരിക്കണമെന്ന് ചദ്ദ സർക്കാരിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.