മർദിക്കാൻ ഉപയോഗിച്ചതെന്ന് പൊലീസ് ആരോപിക്കുന്ന മുള്ളുതറച്ച ഇരുമ്പ് വടി (ചിത്രം: amarujala.com)

ബുൾഡോസറുമായെത്തിയ ​യു.പി പൊലീസിനെ ആശ്രമം അനുയായികൾ പൊതിരെ തല്ലി; ഏറ്റുമുട്ടലിൽ 30ഓളം പേർക്ക് പരിക്ക്

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭൂമി കൈയേറിയെന്നാരോപിച്ച് രാധാ സോമി സത്സംഗ് ആശ്രമത്തിന്റെ കെട്ടിടങ്ങൾ തകർക്കാൻ ബുൾഡോസറുമായെത്തിയ ​യു.പി പൊലീസിനെ അനുയായികൾ പൊതിരെ തല്ലി. മുള്ളുതറച്ച ഇരുമ്പ് വടികൾ ഉപയോഗിച്ച് തങ്ങളെ മർദിച്ചതായി പരിക്കേറ്റ പൊലീസുകാർ പറഞ്ഞു. 

സംഘർഷത്തിൽ പൊലീസുകാരും ആശ്രമം അനുയായികളും മാധ്യമപ്രവർത്തകരും അടക്കം 30ഓളം പേർക്ക് പരിക്കേറ്റു. എണ്ണത്തിൽ കൂടുതലുള്ള അനുയായികൾ ഇരുമ്പ് കമ്പികളടക്കം ഉപയോഗിച്ച് നിയമപാലകരെ നേരിടാൻ തുടങ്ങിയതോടെ പൊലീസ് സ്ഥലംവിട്ടു. പൊലീസ് അതിക്രമത്തിൽ കുട്ടികളും സ്ത്രീകളും അടക്കമുള്ളവർക്ക് പരിക്കേറ്റതായി ആശ്രമം അധികൃതർ അറിയിച്ചു. 

മർദിക്കാൻ ഉപയോഗിച്ച മുള്ളുതറച്ച ഇരുമ്പ് വടിയുമായി  പരിക്കേറ്റ പൊലീസുകാരൻ

ദയാൽ ബാഗ് പ്രദേശത്ത് ഞായറാഴ്ച വൈകീട്ടാണ് രാധാ സോമി സത്സംഗ് സഭയുടെ അനുയായികളും പൊലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ഒരു ഡസനോളം പൊലീസുകാർക്കും സ്ത്രീകൾ ഉൾപ്പെടെ 20ലധികം അനുയായികൾക്കും ഫോട്ടോഗ്രാഫർക്കും പരിക്കേറ്റു.

ദയാൽ ബാഗിലെ ആശ്രമത്തിന് ചുറ്റുമുള്ള വഴികളിൽ അനുയായികൾ സ്ഥാപിച്ച മതിലുകളും കമാനവും ബുൾഡോസർ ഉപയോഗിച്ച് തകർത്തതാണ് സംഘർഷത്തിന് വഴിവെച്ചത്. പൊലീസ് നടപടി സ്വേച്ഛാധിപത്യപരമാണെന്ന് അനുയായികൾ ആരോപിച്ചു. എന്നാൽ, ആശ്രമത്തിന്റെ നേതൃത്വത്തിൽ പൊതുസ്ഥലം കൈയേറിയെന്നും ഇത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയതോടെയാണ് ഒഴിപ്പിക്കാൻ ശ്രമിച്ചതെന്നും ആഗ്ര ജില്ലാ ഭരണകൂടം പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് 4.30 ഓടെ ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് ഭാനു ചന്ദ്ര ഗോസ്വാമിയാണ് അനധികൃത നിർമിതികൾ തകർക്കാൻ പൊലീസ് സംഘത്തെ അയച്ചത്. ഇത് തടയാൻ ആശ്രമം അനുയായികളായ സ്ത്രീകളും കുട്ടികളും കമാനത്തിന് ഇരുവശത്തും നിലയുറപ്പിച്ചു. പൊലീസ് സംഘം അവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അനുയായികൾ കല്ലെറിയാൻ തുടങ്ങി. സൈന്യത്തിന്റെ യൂണിഫോം ധരിച്ച ചില അനുയായികൾ പൊലീസിനെ ഇരുമ്പുവടികൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. "കല്ലെറിയുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്യുന്ന ജനക്കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. അക്രമികളെ പിരിച്ചുവിടാൻ മൂന്ന് തവണയെങ്കിലും ലാത്തി ചാർജ് നടത്തി” -ആഗ്ര വെസ്റ്റ് സോൺ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സൂരജ് റായ് പറഞ്ഞു.

എന്നാൽ, നിരപരാധികളായ ആളുകൾക്ക് നേരെ പൊലീസ് നിഷ്ഠൂരമായി ലാത്തി ചാർജ് നടത്തിയെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന 40-ലധികം അനുയായികൾക്ക് പരിക്കേറ്റുവെന്നും ആശ്രമം വക്താവ് എസ്.കെ നയ്യാർ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ചിത്രീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചതായും നയ്യാർ അറിയിച്ചു.

നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും കയ്യേറ്റ ഭൂമി വിട്ടുനൽകാൻ അനുയായികൾക്ക് 24 മണിക്കൂർ സമയപരിധി നൽകിയിട്ടുണ്ടെന്നും ആഗ്ര കമ്മീഷണർ റിതു മഹേശ്വരി പറഞ്ഞു. ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കും. സഭയുടെ സ്വത്തുക്കൾ കണ്ടെത്താൻ ലാൻഡ് റവന്യൂ രേഖകൾ പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയതായും കമ്മീഷണർ അറിയിച്ചു.

1861 ഫെബ്രുവരി 15ന് ആഗ്രയിൽ സേത് ശിവ് ദയാൽജി മഹാരാജ് സ്ഥാപിച്ചതാണ് രാധാ സോമി സത്സംഗ് സഭ. ഇതിന് ലോകമെമ്പാടും അനുയായികളുണ്ട്.

പൊലീസ് നടപടിയെ മുൻ യു.പി മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് അപലപിച്ചു. ‘ഭക്തിയുടെയും സാഹോദര്യത്തിന്റെയും ധാർമ്മിക വിദ്യാഭ്യാസത്തിന്റെയും പ്രതീകമാണ് ദയാൽ ബാഗ്. ഭൂമാഫിയയുടെ നിക്ഷിപ്ത താൽപര്യം സംരക്ഷിക്കാൻ പൊലീസ് പിന്തുണയോടെ ബി.ജെ.പി നേതാക്കൾ ശ്രമിക്കുകയാണ്. സത്സംഗത്തിന്റെ മൂല്യാധിഷ്ഠിത ഭാരതീയ പാരമ്പര്യത്തിന് നേരെയുള്ള മാരകമായ ആക്രമണമാണിത്. ഈ വിഷയത്തിൽ സമാജ്‌വാദി പാർട്ടി സഭയ്‌ക്കൊപ്പമുണ്ട്. ദയാൽ ബാഗിനെ സംരക്ഷിക്കാൻ ഞങ്ങൾ പോരാടും. ബി.ജെ.പിയുടെ മതവിരുദ്ധ ബുൾഡോസറിനെ ഒരിഞ്ച് പോലും അനങ്ങാൻ അനുവദിക്കില്ല’ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Radha Soami followers clash with cops in Agra, over 30 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.