ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചർച്ചയിൽ മുസ്‍ലിം ലീഗിനെതിരെ മന്ത്രി ജോർജ് കുര്യൻ നടത്തിയ പ്രസ്താവന സാമുദായിക സ്പർധയുണ്ടാക്കുന്നതാണെന്നും സഭാരേഖകളിൽനിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ ഉപാധ്യക്ഷന് പി.വി. അബ്ദുൽ വഹാബ് എം.പി കത്തയച്ചു. മന്ത്രിയുടെ പരാമർശങ്ങൾ അനാവശ്യവും വാസ്തവവിരുദ്ധവുമാണ്.
മുസ്‍ലിം ലീഗിന്റെ പേരിനെയും ചിഹ്നങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണ്. സർവേന്ത്യ മുസ്‌ലിം ലീഗുമായും ആ പാർട്ടി പതാകയുമായും കുര്യൻ ഇന്ത്യൻ യൂനിയൻ മുസ്‍ലിംലീഗിനെ താരതമ്യം ചെയ്തത് പാർട്ടിയുടെ ചരിത്രത്തെയും സ്വത്വത്തെയും ബോധപൂർവം തെറ്റായി ചിത്രീകരിക്കുന്നതിനാണ്.
സാമൂഹിക-മത-രാഷ്ട്രീയ രംഗത്ത് ആദരണീയനായ സാദിഖലി ശിഹാബ് തങ്ങളുടെ പേര് ഉപയോഗിച്ചു. കേരള സമൂഹത്തിൽ ചരിത്രപരമായി സമാധാനപരമായി സഹവർത്തിക്കുന്ന രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നത വളർത്താൻ മാത്രമേ ഈ പ്രസ്താവന ഉപകരിക്കുകയുള്ളൂ. മന്ത്രി എന്ന നിലയിൽ സത്യപ്രതിജ്ഞക്ക് വിരുദ്ധമായാണ് ജോർജ് കുര്യൻ പ്രവർത്തിച്ചത്. ഭരണഘടനാ ബാധ്യതകളുടെ വ്യക്തമായ ലംഘനമാണിത് -അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.