'അമ്മ​പ്പോലിസി'ന്​ സല്യൂട്ട്​ നൽകി ഡെപ്യൂട്ടി സൂപ്രണ്ടായ മകൻ; ചിരിവിടാതെ സല്യൂട്ടുമായി​ അമ്മയും- വൈറലായി ഫോ​ട്ടോ

അഹ്​മദാബാദ്​: ആദ്യം പൊലീസ്​ വേഷമണിഞ്ഞ അമ്മയെക്കാൾ ഉയർന്ന തസ്​തികയിൽ പിന്നീട്​ പൊലീസായ മകനെത്തിയാലോ? സംശയമില്ല, നിയമപ്രകാരം മകനു മുന്നിൽ അമ്മ ആദരപൂർവം സല്യൂട്ട്​ നൽകിയിരിക്കണം. അപ്പോൾ, മകനെന്തു ചെയ്യും? ഗർഭം ചുമന്ന്​ നൊന്തുപ്രസവിച്ച അമ്മയുടെ സല്യൂട്ട്​ സ്വീകരിക്കുംമുമ്പ്​ തിരിച്ച്​ അവർക്ക്​ സല്യൂട്ട്​ ചെയ്യും. മുഖത്ത്​ ചിരി ഓളമിട്ട ഹൃദയഹാരിയായ മുഹൂർത്തത്തിന്​ നാട്​ സാക്ഷിയായത്​ ഗുജറാത്തിലെ ജുനഗഢിൽ. 

സ്​ഥലത്തെ ഡെപ്യൂട്ടി പൊലീസ്​ സുപ്രണ്ടാണ്​ മകൻ വിഷാൽ റബറി. ജുനഗഢ്​ അസിസ്റ്റന്‍റ്​ സബ്​ ഇൻസ്​പെക്​ടറാണ്​ അമ്മ മധുബെൻ റബറി. ജുനഗഢിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെയാണ്​ ഇരുവരും പൊലീസ്​ വേഷത്തിൽ മുഖാമുഖം വന്നത്​. ഗുജറാത്ത്​ പബ്ലിക്​ സർവീസ്​ കമീഷൻ ട്വീറ്റ്​ ചെയ്​ത ചിത്രം അതിവേഗം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.

''എ.എസ്​.ഐ ആയ മാതാവിന്​ തന്‍റെ ഡി.വൈ.എസ്​.പിയായ മകനെ ഇതുപോലെ കാണുന്നതിനോളം സ​േന്താഷകരമായി എന്തുണ്ടാകും? വർഷങ്ങളായി സ്​നേഹം വഴിഞ്ഞ സമർപിത മാതൃത്വത്തിനും ഉത്തരവാദിത്വത്തിനും പകരം നൽകുന്ന വിഷാൽ. ഗുജറാത്ത്​ പബ്ലിക്​ സർവീസ്​ കമീഷൻ ഈ മുഹൂർത്തം ആഘോഷിക്കുകയാണ്​''- ചിത്രത്തിന്​ ചെയർമാന്‍റെ അടിക്കുറിപ്പ്​ ഇതായിരുന്നു.

പരേഡിനെത്തിയ മക​ൻ തന്നെ കടന്നുപോകു​േമ്പാഴായിരുന്നു മധുബെൻ സല്യൂട്ട്​ നൽകിയത്​. ഉടൻ തിരിച്ചുനൽകി വിശാൽ മാ​തൃകയായി. ചിത്രം ആയിരങ്ങളാണ്​ ഷെയർ ചെയ്​തത്​.

കഴിഞ്ഞ ജനുവരിയിൽ ആന്ധ്രയിൽനിന്നും സമാന ചിത്രം മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. സി.ഐ ആയ പിതാവ്​ ശ്യാം സുന്ദർ ഡി.വൈ.എസ്​.പി ആയ മകൾ യെന്ദ്​ലൂരി ജെസ്സിക്ക്​ സല്യൂട്ട്​ നൽകുന്നതായിരുന്നു ചിത്രം. 

Tags:    
News Summary - 'Pure satisfaction in a mother's eyes': DSP son and ASI mom salute each other in viral photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.