ചണ്ഡീഗഢ്: പഞ്ചാബി നടിയും കൃതി കിസാൻ യൂനിയൻ നേതാവ് ബൽദേവ് സിങ്ങിന്‍റെ മകളുമായ സോണിയ മാൻ ആം ആദ്മി പാർട്ടിയിൽ ചേർന്നു. ഞായറാഴ്ച ഡൽഹിയിൽ വച്ച് അരവിന്ദ് കെജ്രിവാളുമായുള്ള കൂടികാഴ്ചക്ക് ശേഷമാണ് അംഗത്വം സ്വീകരിച്ചത്. "കീർത്തി കിസാൻ യൂനിയൻ നേതാവ് എസ്. ബൽദേവ് സിങ് ജിയുടെ മകളും പഞ്ചാബി നടിയുമായ സോണിയ മാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ ആദ്മി പാർട്ടിയിൽ ചേർന്നു. ആദ്മി പാർട്ടി കുടുംബത്തിലേക്ക് അവരെ സ്വാഗതം ചെയ്യുന്നു".-എ.എ.പി പഞ്ചാബ് യൂനിറ്റ് പുതിയ അംഗത്തെ സ്വാഗതം ചെയ്തുകൊണ്ട് എക്‌സിൽ കുറിച്ചു.
സോണിയയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. നിരവധി സിനിമകളിൽ നിറസാന്നിധ്യമാണ് സോണിയ. മലയാളം, ഹിന്ദി, തെലുങ്ക്, മറാത്തി തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിൽ സോണിയ അഭിനയിച്ചിട്ടുണ്ട്. 'ഹൈഡ് എൻ സീക്ക്' എന്ന മലയാള സിനിമയിലൂടെയാണ് സോണിയയുടെ അരങ്ങേറ്റം. 2014 ൽ കഹിൻ ഹേ മേരാ പ്യാർ എന്ന ഹിന്ദി സിനിമയിലൂടെ ഹിന്ദി സിനിമ രംഗത്ത് തുടക്കം കുറിച്ചു. കർഷക നേതാവും ആക്ടിവിസ്റ്റുമായിരുന്നു സോണിയയുടെ പിതാവ് ബൽദേവ് സിങ്. 1980 ൽ ഖാലിസ്ഥാൻ വാദികളുടെ വെടിയേറ്റ് ബൽദേവ് സിങ് കൊല്ലപ്പെട്ടു.
ഫെബ്രുവരി 8 ന് നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം, 2027 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലാണ് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സോണിയയുടെ വരവോടെ പഞ്ചാബിലെ യുവാക്കളിൽ നിന്നും സിനിമാ രംഗവുമായി ബന്ധപ്പെട്ട ആളുകളിൽ നിന്നും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടി നേതാക്കൾ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.