ന്യൂഡൽഹി: അതിർത്തി രക്ഷാ സേനയായ ബി.എസ്.എഫിന് വിപുലാധികാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തിപങ്കിടുന്ന പഞ്ചാബ്, പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിലേക്ക് 50 കിലോമീറ്റർ കടന്നുചെന്ന് റെയ്ഡും അറസ്റ്റും നടത്താൻ ബി.എസ്.എഫിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം അധികാരം നൽകിയിരുന്നു. കേന്ദ്ര നീക്കത്തിനെതിരെ പഞ്ചാബ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ പരസ്യമായി രംഗത്തുവന്നിരുന്നു. സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരത്തിൽ കടന്നുകയറുന്ന നീക്കത്തിൽനിന്ന് കേന്ദ്രം പിന്മാറണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം.
വെള്ളിയാഴ്ച കേസ് ലിസ്റ്റ് ചെയ്ത രജിസ്ട്രാർ, കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. ഒരാഴ്ചക്കുശേഷം കേസ് സുപ്രീംകോടതി ബഞ്ച് പരിഗണിച്ചേക്കും. കോൺഗ്രസ് അധ്യക്ഷൻ നവജോത് സിങ് സിദ്ദു പഞ്ചാബ് സർക്കാറിനെ അഭിനന്ദിച്ചു. ഫെഡറൽ ഘടനയും സംസ്ഥാനങ്ങളുടെ സ്വയംഭരണവും നിലനിർത്തുന്നതിന് ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന തത്വങ്ങൾ നിലനിർത്താനുള്ള പോരാട്ടം പഞ്ചാബ് ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.