പത്ത് വർഷത്തിന് ശേഷം പഞ്ചാബിൽ കോൺഗ്രസ്; ക്രെഡിറ്റ് അമരീന്ദറിന്

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തരംഗത്തിനിടയിലും പിടിവള്ളിയായി കോണ്‍ഗ്രസിന് പഞ്ചാബില്‍ തകര്‍പ്പന്‍ ജയം. 117 സീറ്റില്‍ 77ഉം കോണ്‍ഗ്രസ് നേടി. പ്രധാന വെല്ലുവിളി ഉയര്‍ത്തിയ ആം ആദ്മി പാര്‍ട്ടി 20 സീറ്റിലൊതുങ്ങി. ഭരണകക്ഷിയായ അകാലി-ബി.ജെ.പി സഖ്യത്തിന് 18 സീറ്റ് മാത്രമാണ് നേടാനായത്. 

ബാദല്‍ കുടുംബ വാഴ്ചക്കെതിരായ ശക്തമായ ജനവികാരമാണ് കോണ്‍ഗ്രസ് വിജയത്തിന് കളമൊരുക്കിയത്. അമരീന്ദറിന്‍െറ നേതൃത്വവും ജനപ്രിയ ക്രിക്കറ്റ് താരം നവജ്യോത് സിദ്ദുവിന്‍െറ സാന്നിധ്യവും ആം ആദ്മി ഉയര്‍ത്തിയ ഭീഷണി മറികടക്കാന്‍ കോണ്‍ഗ്രസിന് കരുത്തേകി. 10 വര്‍ഷത്തെ ഇടവേളക്കു ശേഷം പഞ്ചാബ് ഭരണം കോണ്‍ഗ്രസിന്‍െറ കൈകളിലത്തെിയത് ശക്തമായ ത്രികോണ മത്സരം അതിജീവിച്ചാണ്. യു.പിയിലെ കനത്ത തോല്‍വിയിലും കോണ്‍ഗ്രസിന് പഞ്ചാബ് ജയം നല്‍കുന്ന ആശ്വാസം ചെറുതല്ല. അകാലിദള്‍ -ബി.ജെ.പി ഭരണം ഇക്കുറി അവസാനിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുന്നേ വ്യക്തമായിരുന്നു. അച്ഛന്‍ ബാദല്‍ മുഖ്യമന്ത്രിയും മകന്‍ ബാദല്‍ ഉപമുഖ്യമന്ത്രിയുമായുള്ള കുടുംബ വാഴ്ച ജനങ്ങളെ അത്രമേല്‍ വെറുപ്പിച്ചിരുന്നു. അകാലിദള്‍ -ബി.ജെ.പി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് യു.പിയിലെയും ഉത്തരാഖണ്ഡിലെയും വലിയ നേട്ടത്തിനിടയിലും എന്‍.ഡി.എക്ക് ക്ഷീണമായി. ആം ആദ്മി പാര്‍ട്ടിയുടെ ശക്തമായ സാന്നിധ്യമാണ് ഇക്കുറി പഞ്ചാബ് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയ ഘടകം. കെജ്രിവാളും കൂട്ടരും പഞ്ചാബില്‍  ഡല്‍ഹി ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. ആദ്യ മത്സരത്തില്‍തന്നെ മുഖ്യപ്രതിപക്ഷമാകാന്‍ ആം ആദ്മിക്ക് സാധിച്ചത് ചെറിയ നേട്ടമല്ല.

അകാലിദളിന്‍െറ തട്ടകമായ മാള്‍വ മേഖലയില്‍ മികച്ച പ്രകടനമാണ് ആം ആദ്മി കാഴ്ചവെച്ചത്. അവര്‍ക്ക് ലഭിച്ച 23 സീറ്റുകളിലേറെയും ഈ മേഖലയില്‍നിന്നാണ്. എന്നാല്‍, കോണ്‍ഗ്രസിന്‍െറ ശക്തികേന്ദ്രമായ അമൃത്സര്‍, ജലന്ധര്‍, പട്യാല തുടങ്ങിയ നഗരപ്രദേശങ്ങളില്‍ അവര്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. പഞ്ചാബ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അമരീന്ദറിനെ  മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് അങ്കത്തട്ടിലിറങ്ങിയത്. ഉപമുഖ്യമന്ത്രിയാകുമെന്ന് പറയാതെ പറഞ്ഞ് നവജ്യോത് സിദ്ദുവിനെയും കൂടെ നിര്‍ത്തി. ആം ആദ്മി ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയില്ല. അമരീന്ദറിനും സിദ്ദുവിനും പോന്ന പഞ്ചാബി മുഖം അവര്‍ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് നേര്. നിലവിലെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ ലംബിയില്‍ ചെന്ന് വെല്ലുവിളിച്ച അമരീന്ദറിന്‍െറ സാഹസം പ്രവര്‍ത്തകരില്‍ ആവേശം വിതറിയെങ്കിലും ബാദലിനെ അദ്ദേഹത്തിന്‍െറ തട്ടകത്തില്‍ അട്ടിമറിക്കാന്‍ ക്യാപ്റ്റന് സാധിച്ചില്ല. 

പട്യാലയില്‍നിന്ന് ജയിച്ചാണ് അമരീന്ദര്‍ മുഖ്യമന്ത്രി കസേരയിലത്തെുന്നത്. തിളങ്ങുന്ന വിജയത്തിനിടയിലും മുന്‍ മുഖ്യമന്ത്രി രജീന്ദര്‍ കൗര്‍ ഭട്ടലുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ തോല്‍വി കോണ്‍ഗ്രസ് പാളയത്തില്‍ കല്ലുകടിയായി. സുനില്‍ കുമാര്‍ ഝഖര്‍, മൊഹീന്ദര്‍ സിങ്, കേവല്‍ ദില്ലന്‍, ജഗ്മോഹന്‍ സിങ്, പ്രമുഖ ഗായകന്‍ മുഹമ്മദ് സാദിഖ് എന്നിവരാണ് തോല്‍വിയറിഞ്ഞ കോണ്‍ഗ്രസ് പ്രമുഖര്‍. സി.പി.എം, സി.പി.ഐ,  ആര്‍.എം.പി എന്നിവര്‍ മുന്നണിയായി 50ലേറെ സീറ്റുകളില്‍ മത്സരിച്ചു. ഒരിടത്തും കാര്യമായി വോട്ടുനേടാനായില്ല. ഏറ്റവും കൂടുതല്‍ ദലിത് ജനസംഖ്യയുള്ള, ദലിത് നേതാവ് കാന്‍ഷിറാമിന്‍െറ ജന്മനാടായ പഞ്ചാബില്‍ ബി.എസ്.പിക്കും ഇക്കുറി സീറ്റില്ല. 

Tags:    
News Summary - punjab election, amarindar singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.