മുംബൈ: 2012ലെ പുണെ സ്ഫോടന പരമ്പര കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അസ്‌ലം ശബ്ബിർ ശൈഖ് എന്ന ബണ്ടി ജഹഗിർധാർ (53) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച ഉച്ചക്ക് അഹല്യനഗറിലെ ശ്രിരാംപുരിലാണ് സംഭവം. പ്രദേശത്തെ ഖബർസ്ഥാനിൽ നിന്ന് ബൈക്കിൽ പുറത്തുവരുമ്പോൾ മറ്റൊരു ബൈക്കിൽ എത്തിയവർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തുമ്പുണ്ടാക്കാനായിട്ടില്ലെന്ന് അഹല്യനഗർ പൊലീസ് കമീഷണർ സോംനാഥ് ഘാർഗെ അറിയിച്ചു. 2012ൽ പുണെയിലെ ജംഗ്ലിമഹാരാജ് റോഡിൽ നാല് സ്ഫോടനങ്ങളാണ് നടന്നത്. മറ്റൊരു സ്ഫോടനകേസ് പ്രതിയെ ജയിലിൽ കോലപ്പെടുത്തിയതിന് പ്രതികാരമായാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയുടെ (എ.ടി.എസ്) ആരോപണം.
2013 ലാണ് ബണ്ടി അറസ്റ്റിലായത്. കൊലപാതകം ഉൾപ്പെടെ മറ്റു കേസുകളിലും പ്രതിയായിരുന്നു. 2023 ലാണ് ജാമ്യം ലഭിച്ചത്. ഇടക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും വ്യവസ്ഥ പാലിക്കാത്തതിനാൽ ജാമ്യം റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.