ന്യൂഡൽഹി: കേന്ദ്ര സർക്കാറിൻെറ കോർപ്പറേറ്റ് അനുകൂല കാർഷിക ബില്ലുകൾക്കെതിരെ ഒരു വർഷത്തിലേറെയായി കർഷകർ സമരത്തിലാണ്. സർക്കാർ പലവിധ നടപടികളും ഇവർക്കുനേരെ കൈകൊണ്ടെങ്കിലും തീരുമാനമാകാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാർ. ഇതിൻെറ പുതിയ സൂചനകളാണ് ഡൽഹി അതിർത്തിയിലുള്ള സിങ്കുവിൽനിന്ന് വരുന്നത്.
ഇവിടെ സമരക്കാർ ഉയർത്തിയ കുടിലുകളിൽ എ.സി, ഫ്രിഡ്ജ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ്. വടക്കേ ഇന്ത്യയിലെ ചൂടിനെ പ്രതിരോധിക്കാനാണ് ഇത്തരം സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
അതിർത്തി പ്രദേശത്ത് ഇപ്പോൾ പരിചിതമായ ട്രാക്ടർ ട്രോളികൾ പോലും എയർ കൂളറുകളോ എ.സികളോ ഘടിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ കുടിവെള്ള ശുചീകരണ ഉപകരണങ്ങളും വാട്ടർ കൂളറുകളും ഒരുക്കിയിരിക്കുന്നു.
പഞ്ചാബികളുടെ കീഴിലുള്ള ലങ്കാറുകളിലും റഫ്രിജറേറ്ററുകൾ സജ്ജീകരിച്ചു. എല്ലാ ദിവസവും നൂറുകണക്കിന് പേർക്ക് സേവനം നൽകുന്ന ലങ്കാറുകളിലെ മെനുവും മാറ്റിയിട്ടുണ്ട്. ഖിച്ചി റൊട്ടിക്ക് പുറമെ ലസ്സിയും ഇവിടെ ലഭിക്കും.
ഊഴമിട്ടാണ് കർഷകർ സമരം ചെയ്യുന്നത്. ഫത്തേഗഢ് സാഹിബിലെ കർഷകനായ ജസ്ബീർ സിംഗ് (38) ഇത്തരത്തിൽ ഉൗഴമിട്ടാണ് ഇവിടേക്ക് വന്നത്.
ഇരുമ്പ് ഫ്രെയിമിൽ തീർത്ത കുടിലിലാണ് അദ്ദേഹത്തിൻെറ താമസം. നിർമാണ വസ്തുക്കൾ പഞ്ചാബിൽനിന്നാണ് കൊണ്ടുവന്നത്. കൂടാതെ ഇതിൽ എയർ കൂളറും റഫ്രിജറേറ്ററുമുണ്ട്.
'ചുവരുകൾ നഴ്സറികളിൽ ഉപയോഗിക്കുന്ന പച്ച വലകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇത് കൊതുകുകളിൽ നിന്ന് സംരക്ഷിക്കുകയും വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യുന്നു. വെയിൽ കൊള്ളാതിരിക്കാൻ മേൽക്കൂര ഒരുക്കി. അടുത്ത ഗ്രാമത്തിൽനിന്നാണ് വൈദ്യുതി ലഭിക്കുന്നത്' -ജസ്ബീർ പറയുന്നു.
തൻെറ ആറ് ഏക്കർ സ്ഥലത്ത് നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നയാളാണ് ഇദ്ദേഹം. ഏതാനും ദിവസങ്ങൾക്കുള്ളിൽ വയലുകളിലേക്ക് മടങ്ങും. തനിക്കും മറ്റുള്ളവർക്കും പകരമായി മറ്റൊരു ബാച്ച് കർഷകർ വരുമെന്നും ജസ്ബീർ പറയുന്നു.
കഴിഞ്ഞ വർഷം നവംബർ അവസാനം പ്രതിഷേധം ആരംഭിച്ചത് മുതൽ ഫിറോസ്പുരിലെ അമാൻ സിംഗ് (25) മുത്തച്ഛനോടൊപ്പം സ്ഥലത്തുണ്ട്. അച്ഛനും സഹോദരനുമാണ് കൃഷിയിടത്തിൽ ജോലി ചെയ്യുന്നത്. തൻെറ ഹൃദയം വയലുകളിലാണെന്നും എന്നാൽ, കൃഷിയും പ്രതിഷേധവും ഒരുപോലെ പ്രധാനമാണെന്നും അമാൻ പറയുന്നു. 'ഞങ്ങൾ ജോലി ചെയ്തില്ലെങ്കിൽ ഇന്ന് കഴിക്കാൻ ഒന്നുമുണ്ടാകില്ല, സമരം ചെയ്യാതിരുന്നാൽ നാളത്തേക്ക് ഒന്നുമുണ്ടാകില്ല' -അമാൻ നിലപാട് വ്യക്തമാക്കുന്നു.
അദ്ദേഹത്തിൻെറ ജില്ലയിൽനിന്നുള്ള 50ഓളം ആളുകൾ കുടിലുകളിൽ എയർ കൂളറുകളോ എ.സിയോ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പെയ്ത മഴയിൽ, ടാർപോളിൻ ഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ഷെഡ്ഡുകളിൽ നാശനഷ്ടം ഉണ്ടായിരുന്നു. ഇവരും ഇപ്പോൾ കുടിലുകൾ മാറ്റിപ്പണിയുകയാണ്.
55കാരനായ സോൻപാൽ സിംഗ് ഇത്തരം ഷെൽട്ടറുകളുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നയാളാണ്. ഇരുമ്പ് ഫ്രെയിമുകൾ പഞ്ചാബിൽ നിന്നാണ് ലഭിച്ചതെന്നും മറ്റ് ചില വസ്തുക്കൾ സിങ്കു അതിർത്തിക്കടുത്തുള്ള കടകളിൽ നിന്ന് വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
മിക്ക താമസ സ്ഥലങ്ങളിലും എയർ കൂളറുകളോ ഫാനുകളോ ഉണ്ടെങ്കിലും വൈദ്യുതി വിതരണം താറുമാറാണെന്ന് കർഷകർ പരിതപിക്കുന്നു. ജലശുദ്ധീകരണ ഉപകരണങ്ങൾ അടക്കമുള്ളവ അഭ്യുദയകാംക്ഷികളും സംഘടനകളും സംഭാവന ചെയ്യുകയാണ്.
മാസങ്ങൾ നീണ്ട സമരം പലരെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 'എൻെറ കുടുംബം കഴിഞ്ഞ വർഷം മുതൽ ഇതിനകം അഞ്ച് ലക്ഷം രൂപ ചെലവഴിച്ചു. ഇവിടെ ചൂട് കൂടുകയാണ്. അതിനെ പ്രതിരോധിക്കാനുള്ള മികച്ച കുടിലുകൾ ആവശ്യമാണ്. അതിനായി ഇനി നാലു ലക്ഷം രൂപ കൂടി ചെലവഴിക്കണം' -പഞ്ചാബിൽനിന്നുള്ള ഒരു കർഷകൻ പറഞ്ഞു. പ്രായമായ സമരക്കാർക്ക് ഇത്തരം സൗകര്യങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ പിന്നാക്കം പോകില്ലെന്ന് തന്നെയാണ് സമരക്കാരുടെ നിലപാട്. സിങ്കു അതിർത്തിയിൽ നിലവിൽ 15,000 പ്രതിഷേധക്കാരുണ്ടെന്നാണ് പൊലീസ് കണക്ക്.
കേന്ദ്ര സർക്കാറിനെതിരായ കർഷക പ്രേക്ഷാഭങ്ങളുടെ ഭാഗമായി ജൂൺ 26ന് കർഷകർ ഗവർണർമാരുടെ വസതികൾ ഉപരോധിക്കും. സംയുക്ത കിസാൻ മോർച്ചയാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. 26ന് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്നും രാഷ്ട്രപതിക്കുള്ള നിവേദനം ഗവർണർമാർക്ക് നൽകുമെന്നും സമരസമിതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.