ഐ.എസ് ബന്ധം തെളിയിച്ചാൽ രാജ്യം വിടാം; അല്ലെങ്കിൽ താങ്കൾ രാജിവെച്ച് പാകിസ്‍താനിലേക്ക് പോകണം - കർണാടക ബി.ജെ.പി എം.എൽ.എയെ വെല്ലുവിളിച്ച് സൂഫി പ്രാസംഗികൻ

ബംഗളൂരു: ഭീകര ബന്ധമുണ്ടെന്ന് തെളിയിച്ചാൽ രാജ്യം വിടാൻ തയാറാണെന്ന് ബി.​ജെ.പി എം.എൽ.എ  ബസനഗൗഡ പാട്ടീൽ യത്നാളിനെ വെല്ലുവിളിച്ച് സൂഫി പ്രാസംഗികൻ തൻവീർ ഹാഷ്മി. കുറ്റം തെളിയിക്കാൻ സാധിക്കുന്നില്ലെങ്കിൽ ബി.ജെ.പി നേതാവ് പാകിസ്താനിലേക്ക് പോകണമെന്നും ഹാഷ്മി ആവശ്യപ്പെട്ടു. തനിക്കെതിരായ ആരോപണം തെളിയിക്കാൻ സാധിക്കുന്നില്ലെങ്കിൽ ബസനഗൗഡ പാട്ടീൽ എം.എൽ.എ സ്ഥാനം രാജിവെച്ച് പാകിസ്താനി​ലേക്ക് പോകണമെന്നാണ് തൻവീർ ആവശ്യപ്പെട്ടത്. ​തൻവീറിന് ഐ.എസ് ഭീകരരുമായി ബന്ധമുണ്ടെന്നായിരുന്നു പാട്ടീൽ ആരോപിച്ചത്. ഹുബ്ളിയിൽ ഡിസംബർ നാലിന് നടന്ന മതപരിപാടിയിൽ തൻവീറുമായി വേദി പങ്കിട്ടതിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പാട്ടീൽ ചോദ്യം ചെയ്യുകയും ചെയ്തു.

തൻവീറിന് ഭീകര ബന്ധമുണ്ടെന്നാരോപിച്ച് ബസനഗൗഡ പാട്ടീൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയക്കുകയും അടുത്തിടെ പ്രസംഗികൻ പശ്ചിമേഷ്യ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു. പശ്ചിമേഷ്യയിൽ ഭീകര ബന്ധമുള്ളവരുമായി തൻവീർ കൂടിക്കാഴ്ച നടത്തിയെന്നും ബസനഗൗഡ പാട്ടീൽ ആരോപിച്ചു.

എന്നാൽ പാട്ടീലിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് തൻവീർ പറഞ്ഞു. ''ഡിസംബർ നാലിന് ഹുബ്ളിയിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥി എന്ന നിലയിലാണ് പ​ങ്കെടുത്തത്. ദർഗകളിൽ നിന്നുള്ള നിരവധി പ്രാസംഗികർ പരിപാടിയിലുണ്ടായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് എം.എൽ.എമാരും പ​ങ്കെടുത്തു. മുഖ്യമന്ത്രി ഏതെങ്കിലും സമുദായത്തെയും സമൂഹത്തെയും പ്രതിനിധീകരിക്കുന്ന വ്യക്തിയല്ല. എല്ലാ ജാതി,മത വിഭാഗങ്ങളെയും സേവിക്കുക എന്നത് മുഖ്യമന്ത്രിയുടെ കടമയാണ്.''-തൻവീർ വ്യക്തമാക്കി.

സിദ്ധരാമയ്യയുടെ നാൾക്കുനാൾ വർധിക്കുന്ന ജനസ്വാധീനത്തിൽ അസ്വസ്ഥത പെരുകിയ ബി.ജെ.പി എം.എൽ.എ അസത്യം പ്രചരിപ്പിക്കുകയാണ്. മുസ്‍ലിം സമുദായത്തിന് എതിരായ കാര്യങ്ങളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്. വെറും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണിതെല്ലാം-തൻവീർ ആരോപിച്ചു. ഐ.എസുമായി എനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ ഒരാഴ്ചക്കകം എല്ലാ തെളിവുകളും കേന്ദ്രത്തിനും കേന്ദ്ര അന്വേഷണ ഏജൻസികളും ബി.ജെ.പി എം.എൽ.എ ഹാജരാക്കണമെന്നും തൻവീർ ആവശ്യപ്പെട്ടു. ഭീകരരുമായി ബന്ധമുണ്ടെന്ന് അദ്ദേഹത്തിന് തെളിയിക്കാൻ കഴിഞ്ഞാൽ രാജ്യം വിടാൻ ഞാൻ തയാറാണ്. എന്റെ അനുചരരും വിദ്യാർഥികൾക്കും രാജ്യം വിടും. അല്ലാത്ത പക്ഷം അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെച്ച് പാകിസ്‍താനിലേക്ക് പോകണം.-തൻവീർ ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിൽ സാരെ ജഹാൻ സെ അച്ചാ ഹിന്ദുസ്ഥാൻ ഹമാര എന്ന ദേശഭക്തിഗാനത്തിന്റെ ഫൂട്ടേജും തൻവീർ പങ്കുവെച്ചു.

തൻവീർ ഹാഷ്മി മതപണ്ഡിതൻ മാത്രമല്ല, സൂഫി കൂടിയാണെന്ന് സമ്മേളനത്തിന്റെ സംഘാടകനായ സയ്യിദ് താജുദ്ദീൻ ഖദ്‍രി പറഞ്ഞു. 2016ൽ നടന്ന ലോക സൂഫി സമ്മേളനത്തിന്റെ സംഘാടകനായിരുന്നു തൻവീർ. ആ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ​ങ്കെടുത്തിരുന്നു. അക്കാര്യത്തിൽ പാട്ടീൽ ഒന്നും മിണ്ടാത്തത് എന്താണെന്നും ഖദ്‍രി ചോദിച്ചു.

Tags:    
News Summary - Prove charges, will leave country’, Muslim Sufi preacher to Karnataka BJP MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.