മോദിക്കെതിരെ പ്രതിഷേധ വേലിയേറ്റം; ഇന്ത്യൻ പതാക കീറിയതിൽ ബ്രിട്ടന്‍റെ മാപ്പ്

ലണ്ടൻ: ഔദ്യോഗിക സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നേരന്ദ്രമോദിക്കെതിരെ ലണ്ടനിൽ പ്രതിഷേധങ്ങളുടെ വേലിയേറ്റം.  മൂന്നോ നാലോ സംഘടനകൾ വെവ്വേറെ നടത്തിയ പ്രതിഷേധങ്ങൾ അക്രമാസക്തമായതിനിടെ ഔദ്യോഗിക പോസ്റ്റിൽ പാറിയിരുന്ന ഇന്ത്യൻ പതാക വലിച്ചുകീറപ്പെട്ടു. സംഭവത്തെക്കുറിച്ച് തങ്ങളുടെ ബ്രിട്ടീഷ് അധികൃതരോട് ഇന്ത്യയുടെ ആശങ്ക അറിയിച്ചതായി പ്രധാനമന്ത്രിയോടൊപ്പം സന്ദർശനം നടത്തുന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ബ്രിട്ടീഷ് അധികൃതർ സംഭവത്തിൽ മാപ്പ് പറഞ്ഞതായും ഇന്ത്യൻ പതാക മാറ്റി സ്ഥാപിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. 

യു.കെയിലെ സിഖ് ഫെഡറേഷൻ പ്രവർത്തകരാണ് ഖാലിസ്താൻ വാദമുയുർത്തി മോദിക്കെതിരെ പ്രകടനവുമായെത്തിയത്. 'മോദിക്കെതിരെ ന്യൂനപക്ഷം' എന്ന മുദ്രാവാക്യമുയർത്തിയാണ് 500 ഓളം പേരടങ്ങുന്ന പ്രവർത്തകർ ലണ്ടൻ സ്ക്വയറിൽ തടിച്ചുകൂടിയത്. കശ്മീരിൽ നിന്നുള്ള തീവ്രവാദഗ്രൂപ്പുകളും മോദിക്കെതിരെ  മഹാത്മഗാന്ധി സ്ക്വയറിൽ ഒത്തുകൂടിയിരുന്നു. കൂടാതെ കാസ്റ്റ് വാച്ച്, യു.കെ ആൻഡ് സൗത്ത് ഏഷ്യ സോളിഡാരിററി ഗ്രൂപ് എന്നീ സംഘടനകളും മോദിക്കെതിരെ ബാനറുകളും മുദ്രാവാക്യങ്ങളുമായി അണിനിരന്നു. 

ജനാധിപത്യം, നിയമവ്യവസ്ഥ, ഇന്ത്യയുടെ ഐക്യം എന്നിവയെയെല്ലാം തുരങ്കം വെക്കുന്ന രീതിയിൽ ഏകാധിപത്യം ഇന്ത്യയിൽ വേരുറപ്പിക്കുകയാണ് എന്ന് കാസ്റ്റ് വാച്ച് യു.കെ.യുടെ വക്താവ് പറഞ്ഞു. കഠ് വയിൽ പീഡിപ്പിക്കപ്പെട്ട് കൊന്ന എട്ടുവയസ്സുകാരിയുടെ ചിത്രം ഉയർത്തിപ്പിടിച്ചായിരുന്നു പലരും പ്രതിഷേധത്തിൽ പങ്കെടുത്തത്. ഗൗരി ലങ്കേഷിന്‍റെ ഛായാചിത്രവും ചിലർ കയ്യിലേന്തിയിരുന്നു. വനിതാ സംഘടനകൾ വെള്ള വസ്ത്രം ധരിച്ചുകൊണ്ട് നിശബ്ദമായി പ്രതിഷേധിച്ചു. 'ഞാൻ ഇന്ത്യാക്കാരിയാണ്, എനിക്ക് നാണം തോന്നുന്നു', 'ബേട്ടീ ബച്ചാവോ' എന്നീ പ്ളക്കാർഡുകളും കൈയിലേന്തിയാണ് ഇവർ പ്രകടനം നടത്തിയത്.

എന്നാൽ, പ്രതിഷേധങ്ങൾ ജനാധിപത്യ സമൂഹത്തിന്‍റെ ഭാഗമാണെന്ന് പ്രധാനമന്ത്രിയോടൊപ്പം എത്തിയ ഉദ്യോഗസ്ഥർ പ്രതികരിച്ചു. സമാധാന പരമായിരിക്കുന്നിടത്തോളം ഇവ ആശാസ്യമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, മോദിയെ വരവേൽക്കാൻ സാരി ധരിച്ചും ധോലക്കുകൾ കൊട്ടിയും ഫ്ളാഷ് മോബുകളും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഫ്രണ്ട്സ് ഓഫ് ഇന്ത്യ ഇന്‍റർനാഷണൽ പ്രവർത്തകരാണ് മോദിയെ ഇത്തരത്തിൽ വരവേറ്റത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേയൊടൊത്ത് പ്രഭാത ഭക്ഷണത്തിനെത്തിയപ്പോഴാണ് 10 ബ്രൗണിങ് സ്ട്രീറ്റിൽ ഫ്ളാഷ് മോബ് അരങ്ങേറിയത്.

Tags:    
News Summary - Protests Over PM Modi's Visit To UK Turn Violent, Indian Flag Torn Down-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.