മുംബൈ: മഹാരാഷ്ട്ര തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ബി.ജെ.പി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിന് മുന്നേറ്റം. 246 മുൻസിപ്പിൽ കൗൺസിലുകളിൽ 146ലേറെ എണ്ണത്തിൽ അവർ മുന്നേറുകയാണ്. 99 മുൻസിപ്പിൽ കൗൺസിലും മുന്നേറുന്നത് ബി.ജെ.പിയാണ്. 42 കൗൺസിലുകളിൽ മുന്നേറ്റവുമായി ശിവസേനയാണ് രണ്ടാമത്. എൻ.സി.പി അജിത് പവാർ വിഭാഗത്തിന് 28 മുൻസിപ്പിൽ കൗൺസിലുകളിൽ മുന്നേറ്റമുണ്ട്.
അതേസമയം മഹാവികാസ് അഖാഡിയിൽ കോൺഗ്രസാണ് മുന്നേറുന്നത്. 29 മുൻസിപ്പൽ കൗൺസിലുകളിലാണ് കോൺഗ്രസ് മുന്നേറ്റം. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ മുന്നേറ്റം ഒമ്പത് സീറ്റുകളിൽ ഒതുങ്ങി. എൻ.സി.പി 11 സീറ്റുകളിലും വിജയിച്ചു. വോട്ടെണ്ണൽ തുടങ്ങിയ ഉടനെ തന്നെ ബി.ജെ.പി മൂന്ന് സീറ്റിൽ എതിരില്ലാതെ വിജയിച്ചിരുന്നു.
246 മുനിസിപ്പൽ കൗൺസിലുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വിദർഭ, പശ്ചിമ മഹാരാഷ്ട്ര മേഖലകളിൽ ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. നാഗ്പൂർ മേഖലയിലെ ഭൂരിഭാഗം നഗർ പഞ്ചായത്തുകളിലും മഹായുതി സഖ്യം അധികാരമുറപ്പിച്ചു. മറാഠ്‌വാഡ മേഖലയിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ മഹാ വികാസ് അഘാഡിക്ക് കഴിഞ്ഞിട്ടില്ല.
എന്നാൽ കൊങ്കൺ മേഖലയിൽ ചിലയിടത്ത് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം കരുത്ത് തെളിയിച്ചു. പുണെ തദ്ദേശ സ്ഥാപനങ്ങളിൽ അജിത് പവാർ വിഭാഗം നിർണ്ണായക സ്വാധീനം ചെലുത്തുന്നു. നാസിക്കിൽ ഷിൻഡെ വിഭാഗം ശിവസേനയ്ക്കും ബിജെപിക്കുമാണ് മേൽക്കൈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.