ന്യൂഡൽഹി: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ 'ഗോട്ട് ടൂർ' എന്നറിയപ്പെട്ട ഇന്ത്യ പര്യടനം ഏറെ ശ്രദ്ധേയമായ പരിപാടിയായിരുന്നു. മെസ്സിയുടെ വരവിന് പിന്നാലെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷമുണ്ടാവുകയും ചെയ്തു. 5000 മുതൽ 25000 രൂപ വരെ മുടക്കി ടിക്കറ്റെടുത്തവർക്ക് മെസ്സിയെ കാണാൻ അവസരം കിട്ടാതെ വന്നപ്പോഴാണ് സംഘർഷം ഉടലെടുത്തത്.
പരിപാടി അലങ്കോലമായതിന് പിന്നാലെ മുഖ്യ സംഘാടകൻ സതാദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് സംഘർഷത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ പീയുഷ് പാണ്ഡെ, ജാവേദ് ഷമീം, സുപ്രതിം സർക്കാർ, മുരളീധരൻ എന്നിവരടങ്ങുന്ന എസ്.ഐ.ടി രൂപീകരിച്ചു. സുരക്ഷാ വീഴ്ചയെ കുറിച്ചും സംഭവത്തിൽ സംഘാടകരുടെയും ഉദ്യോഗസ്ഥരുടെയും പങ്കിനെ കുറിച്ചും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. മെസ്സിയെ കാണാൻ 150 ഗ്രൗണ്ട് പാസുകൾ മാത്രമേ നൽകിയിരുന്നുള്ളൂവെന്നാണ് സതാദ്രു ദത്ത പൊലീസിനോട് പറഞ്ഞത്.
മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിന് 89 കോടി രൂപ പ്രതിഫലം ലഭിച്ചതായാണ് സംഘാടകർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ സർക്കാറിന് 11 കോടി രൂപ നികുതിയായും നൽകി. 100 കോടി രൂപയാണ് ടൂറിന്റെ ആകെ ചെലവ്. തുകയുടെ 30 ശതമാനം സ്പോൺസർമാരിൽനിന്നാണ് കണ്ടെത്തിയത്. ബാക്കി 30 ശതമാനം ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചു.
കൊൽക്കത്തയിൽ നിന്ന് ഹൈദരാബാദിലെയും മുംബൈയിലെയും ഡൽഹിയിലെയും പരിപാടികൾ കഴിഞ്ഞ ശേഷമാണ് മെസ്സി നാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.