ഗുവാഹതി: മുസ്ലിംകൾ അല്ലാത്ത അഭയാർഥികളെമാത്രം രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരാനുള്ള ബി.ജെ.പി സർക്കാറിെൻറ നീക്കത്തിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രതിഷേധ പ്രകടനം.
നാഗാലൻഡ്, അരുണാചൽ, മണിപ്പൂർ എന്നിവയുടെ തലസ്ഥാന നഗരങ്ങളായ കൊഹിമ, ഇറ്റാനഗർ, ഇംഫാൽ എന്നിവിടങ്ങളിലാണ് സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ അണിനിരന്ന പ്രതിഷേധ മാർച്ച് നടന്നത്. മിസോറം തലസ്ഥാനമായ ഐസ്വാളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്താനിരിക്കെയാണിത്.
കൊഹിമയിൽ ‘ജോയൻറ് കമ്മിറ്റി ഓൺ പ്രിവൻഷൻ ഓഫ് ഇല്ലീഗൽ ഇമ്മിഗ്രൻറ്സ്’ (ജെ.സി.പി.ഐ) മാർച്ചിന് നേതൃത്വം നൽകി. ഇവിടെയുള്ള ബാഡ്മിൻറൺ സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച പ്രകടനം നാഗാലൻഡ് മുഖ്യമന്ത്രി എൻ. റിയോയുടെ വസതിക്കുമുന്നിലാണ് അവസാനിച്ചത്. പ്രതിഷേധക്കാർ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ ഒന്നിച്ച് ബില്ലിനെ എതിർക്കണമെന്ന് ജെ.സി.പി.ഐ ആവശ്യപ്പെട്ടു.
അരുണാചലിൽ ‘നോർത്ത് ഈസ്റ്റ് ഫോറം ഫോർ ഇൻറിജീനിയസ് പീപ്ൾ’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. ബില്ലിനെ പിന്തുണക്കില്ലെന്ന് മുഖ്യമന്ത്രി േപമ ഖണ്ഡു ഉറപ്പു നൽകിയതായി ഫോറം പറഞ്ഞു. മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നൂറുകണക്കിന് വനിതകളും വിദ്യാർഥികളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. തദ്ദേശീയരായ ജനതയെ അവഗണിച്ച് പുറത്തുനിന്നുള്ളവർക്ക് മുൻഗണന നൽകുന്നതാണ് ബിൽ എന്നും ആവശ്യമെങ്കിൽ തങ്ങൾ യു.എന്നിനെ സമീപിക്കുമെന്നും ഇംഫാലിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു.
അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു, ജെയ്ന, ബുദ്ധ, പാർസി, ക്രിസ്ത്യൻ കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് യോഗ്യത നൽകുന്ന ബില്ലാണ് കേന്ദ്ര സർക്കാർ കൊണ്ടുവരാനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.