മേവാനിയുടെ അറസ്റ്റിനെതിരെ പ്രതിഷേധം


ഗുവാഹതി: വിവാദ ട്വീറ്റിനെ തുടർന്ന് അറസ്റ്റിലായ ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനിയുടെ മോചനം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം. മേവാനിയെ പാർപ്പിച്ചിരിക്കുന്ന അസമിലെ കൊക്രജാർ പൊലീസ് സ്റ്റേഷന് പുറത്ത് സംസ്ഥാന കോൺഗ്രസ് വർകിങ് പ്രസിഡന്റ് ജാകിർ ഹുസൈൻ സിക്ദറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗുജറാത്തിൽ മേവാനിയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ അട്ടിമറിക്കാനാണ് അറസ്റ്റെന്ന് സിക്ദർ ആരോപിച്ചു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ തോൽക്കുന്നതോടെ നരേന്ദ്ര മോദിയുടെ അഭിമാനം തകരും. മേവാനിക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമാണുള്ളത്. അദ്ദേഹത്തെ അകറ്റി നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് അറസ്റ്റ്. -സിക്ദർ കൂട്ടിച്ചേർത്തു.

മേവാനിയുടെ അറസ്റ്റിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയും കൊക്രജാർ ആസ്ഥാനമായ ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ (ബി.ടി.സി) തലവൻ പ്രമോദ് ബോറോയും സഹകരിച്ചാണ് നീങ്ങുന്നതെന്ന് അസമിലെ സ്വതന്ത്ര എം.എൽ.എ അഖിൽ ഗൊഗോയ് ആരോപിച്ചു. ഗുജറാത്തിലുള്ള ഒരാളെ ട്വീറ്റിന്റെ പേരിൽ അസം പൊലീസ് അറസ്റ്റ് ചെയ്യുകയെന്നുവെച്ചാൽ ഗുജറാത്തിൽ മഴ പെയ്യുമ്പോൾ അസമിൽ കുട നിവർത്തുന്നതുപോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.

പ്രധാനമന്ത്രിയെയും ഗാന്ധി ഘാതകൻ ഗോദ്സെയെയും പരാമർശിക്കുന്ന ട്വീറ്റിന്റെ പേരിൽ ബുധനാഴ്ച രാത്രിയാണ് ജിഗ്നേഷ് മേവാനിയെ അസം പൊലീസ് ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. അസമിലെത്തിച്ച മേവാനിയെ മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Tags:    
News Summary - Protest against Mewani's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.