പ്രവാചകനിന്ദ: അറബ് രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെ മുഖച്ഛായ തകർന്നു, നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ഉവൈസി

ഹൈദരാബാദ്: മുഹമ്മദ് നബിക്കെതിരെ പരാമർശം നടത്തിയ ബി.ജെ.പി മുൻ ദേശീയ വക്താവ് നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പ്രവാചകനെ നിന്ദിച്ചതിലൂടെ ഗൾഫ് രാജ്യങ്ങളുടെ രോഷത്തിന് കാരണമായെന്നും ഇത് ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയെന്നും ഉവൈസി കുറ്റപ്പെടുത്തി.

'അറബ് രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മുഖച്ഛായ തകർന്നു. രാജ്യത്തിന്‍റെ വിദേശനയവും തകർന്നു. നുപുർ ശർമയെ സസ്പെൻഡ് ചെയ്യുകയല്ല, അറസ്റ്റ് ചെയുകയാണ് വേണ്ടത്.'- ഉവൈസി പറഞ്ഞു.

ബി.ജെ.പി മനഃപൂർവം തങ്ങളുടെ പാർട്ടി വക്താക്കളെ പ്രകോപനപരമായ പ്രസ്താവനകൾ നടത്താൻ അയക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾ ഉയർന്നപ്പോൾ മാത്രമാണ് നടപടി സ്വീകരിച്ചത്. മുസ്ലീംകളെ വേദനിപ്പിക്കുന്ന പ്രസ്താവനയാണ് പാർട്ടി വക്താവ് നടത്തിയതെന്ന് മനസിലാക്കാൻ ബി.ജെ.പിക്ക് 10 ദിവസം വേണ്ടി വന്നുവെന്ന് ഉവൈസി ചൂണ്ടിക്കാട്ടി.

പ്രവാചകനിന്ദ വിവാദത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെതിരെയും ഉവൈസി രൂക്ഷവിമർശനം നടത്തി. വിദേശകാര്യ മന്ത്രാലയവും ബി.ജെ.പിയുടെ ഭാഗമായോ എന്നും ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പൗരൻമാർക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങളും അതിക്രമങ്ങളുമുണ്ടായാൽ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

ഒരു ടെലിവിഷൻ ചാനൽ ചർച്ചയിലാണ് നുപുർ ശർമ മുഹമ്മദ് നബിക്കെതിരായ പരാമർശം നടത്തിയത്. കൂടാതെ ട്വിറ്ററിലൂടെ ബി.ജെ.പി ഡൽഹി മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിൻഡാലും അധിക്ഷേപകരമായ പരാമർശം നടത്തിയിരുന്നു.

ഇരുവരുടേയും പരാമർശത്തിനെതിരെ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. തുടർന്നാണ് രണ്ടു പേരെയും ബി.ജെ.പി പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്.

Tags:    
News Summary - Prophet remark row: Owaisi demands Nupur Sharma’s arrest, says India lost face in Arab world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.